ഗള്‍ഫിലെ യാത്രക്കാരുമായി കൊച്ചിയില്‍ കപ്പലെത്തി
കൊച്ചി: ഗള്‍ഫില്‍ നിന്നുള്ള രണ്ടാമത്തെ യാത്രാകപ്പലായ അല്‍സലാം താബ-ഒന്ന് ജൂലായ് 11 ബുധനാഴ്ച കൊച്ചി തുറമുഖത്തെത്തി. വൈകുന്നേരം നാലുമണിയോടെയാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടത്.
ജൂലായ് നാലിന് 1310 യാത്രക്കാരുമായി ബഹ്റീനില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഏഴു ദിവസത്തെ യാത്രയ്ക്കു ശേഷമാണ് കൊച്ചി തുറമുഖത്തെത്തിയത്. ജൂലായ് 12 വ്യാഴാഴ്ച വൈകീട്ട് കപ്പല്‍ ദുബായിലേക്ക് യാത്ര തിരിക്കും. മടക്കയാത്രയ്ക്കായി ഇതുവരെ 300ല്‍ അധികം ടിക്കറ്റുകള്‍ റിസര്‍വു ചെയ്തു കഴിഞ്ഞിട്ടുണ്ട്.
1469 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പലിന്റെ കൊച്ചിയിലേക്കുള്ള അടുത്ത യാത്രയുടെ എല്ലാ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരക്കില്‍ 40 ശതമാനം ഇളവ് നല്‍കുന്നുണ്ട്. ഡക്ക് യാത്രക്കാര്‍ക്ക് 100ഉം മറ്റുള്ളവര്‍ക്ക് 200ഉം കിലോഗ്രാം ഭാരമുള്ള ലഗേജ് കൊണ്ടു പോകാം.
കപ്പലില്‍ വന്നിറങ്ങുന്നവര്‍ക്കും പോകാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ക്കും സൗകര്യത്തിനായി ആംബുലന്‍സ്, ടെലിഫോണ്‍, ഭക്ഷണശാല, പാര്‍ക്കിംഗ് സ്ഥലം, വീല്‍ചെയര്‍, സ്പീഡ് ബോട്ട് തുടങ്ങിയ സൗകര്യങ്ങള്‍ തുറമുഖ അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം കപ്പല്‍സര്‍വീസിനെ തുരങ്കം വെക്കാന്‍ ശ്രമിച്ച വിമാനക്കമ്പനിയുടെ ശ്രമപ്രകാരം മുംബൈയില്‍ കപ്പലിന് ബര്‍ത്ത് അനുവദിച്ചില്ലെന്ന് ആരോപണമുണ്ട്. മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള യാത്രക്കാര്‍ കപ്പലില്‍ കയറാനുണ്ടായിരുന്നു.












Click it and Unblock the Notifications