കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്ടറിന് മനോരമയുടെ ആദരാഞ്ജലി

  • By Super
Google Oneindia Malayalam News

കോട്ടയം: ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന് മലയാള മനോരമ കുടുംബം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ജൂലായ് 11 ബുധനാഴ്ച ഉച്ചയോടെ തൊടുപുഴയില്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് പോസ്റ് മോര്‍ട്ടത്തിനു ശേഷം കൊണ്ടു വന്ന മൃതദേഹം കോട്ടയത്തെ മലയാള മനോരമ ഓഫീസിനു മുമ്പില്‍ പൊതുദര്‍ശനത്തിന് വച്ചു. വിക്ടറിന്റെ മൃതദേഹം കാണാന്‍ മനോരമ ജീവനക്കാരെ കൂടാതെ വന്‍ജനാവലി തന്നെ തടിച്ചു കൂടിയിരുന്നു.

മുഖ്യമന്ത്രി, സാംസ്കാരിക മന്ത്രി എന്നിവര്‍ക്കു വേണ്ടി ജില്ലാ കളക്ടര്‍ വി. അജിത് കുമാര്‍ മൃതദേഹത്തില്‍ റീത്ത് വച്ചു. മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു, ഭാര്യ മിസിസ് കെ.എം. മാത്യു, സുരേഷ് കുറുപ്പ് എംപി, എംഎല്‍എമാരായ തോമസ് ചാഴിക്കാടന്‍, ജോസഫ് എം. പുതുശ്ശേരി, പി.ടി. തോമസ് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

കോട്ടയത്തെ കാരപ്പാറ ആശുപത്രിയിലാണ് മൃതദേഹം ബുധനാഴ്ച സൂക്ഷിക്കുക. വ്യാഴാഴ്ച രാവിലെ വീണ്ടും മനോരമയുടെ ഓഫീസില്‍ കൊണ്ടുവന്ന ശേഷം വിക്ടറിന്റെ സ്വദേശമായ പട്ടിത്താനത്തേക്കു കൊണ്ടു പോകും. പട്ടിത്താനത്തെ രത്നഗിരി പള്ളിയില്‍ രാവിലെ 10.30നാണ് സംസ്കാരച്ചടങ്ങ്.

വ്യാപകമായ അനുശോചനം

വിക്ടര്‍ ജോര്‍ജിന്റെ നിര്യാണത്തില്‍ ജീവിതത്തിന്റെ നാനാതുറയിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. ജനങ്ങള്‍ക്കു വേണ്ടി വാര്‍ത്താചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ മരിച്ച വിക്ടറിന്റെ അകാലമരണത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി അനുശോചിച്ചു. മലയാള പത്രപ്രവര്‍ത്തനത്തിന് കനത്ത നഷ്ടമാണ് വിക്ടര്‍ ജോര്‍ജിന്റെ മരണം വരുത്തിവച്ചിരിക്കുന്നതെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു.

മന്ത്രിമാരായ ജി. കാര്‍ത്തികേയന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി. ശങ്കരന്‍, കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍, ബിജെപി സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍ എന്നിവരും വിക്ടറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

വിക്ടറിന്റെ കുടുംബാംഗങ്ങളോടൊപ്പം കേരള പത്രപ്രവര്‍ത്തക യൂണിയനും ദുഃഖത്തില്‍ പങ്കു ചേരുന്നതായി സംസ്ഥാന പ്രസിഡണ്ട് കെ.ജി മുരളീധരനും ജനറല്‍ സെക്രട്ടറി എസ്. ജയശങ്കറും അറിയിച്ചു. യൂണിയന്റെ വിവിധ ജില്ലാ കമ്മിറ്റില്‍ യോഗം ചേര്‍ന്ന് വിക്ടറിന്റെ വിയോഗത്തില്‍ അനുശോചിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X