വികസന നിര്‍ദ്ദേശങ്ങളുമായി മുന്‍ സ്പീക്കര്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനായി ഉന്നതതലയോഗം വിളിക്കണമെന്ന് മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തിന്റെ വികസനത്തിനുള്ള ആവശ്യങ്ങളടങ്ങിയ പട്ടിക വിജയകുമാര്‍ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര ഗേറ്റ്വേ ആയി പ്രഖ്യാപിക്കണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം. ടെക്നോപാര്‍ക്ക്, വിഎസ്എസ്സി, കേരള സര്‍വകലാശാല, എഞ്ചിനീയറിംഗ് കോളേജ്, ആര്‍ആര്‍എല്‍ തുടങ്ങി ഒട്ടേറെ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരത്തെ 'കേരളത്തിന്റെ ഐടി കവാടം' ആയി പ്രഖ്യാപിക്കണമെന്നും വിജയകുമാര്‍ ആവശ്യപ്പെടുന്നു.
ആക്കുളത്തെയും കോവളത്തെയും ബന്ധിപ്പിക്കുന്ന കനാലിന്റെയും വിഴിഞ്ഞം തുറമുഖത്തിന്റെയും വികസനവും വിജയകുമാര്‍ സമര്‍പ്പിച്ച ആവശ്യങ്ങളില്‍ പ്രധാനമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം കൊണ്ടു മാത്രം നഗരം ഏറെ അഭിവൃദ്ധി കൈവരിക്കുമെന്ന് വിജയകുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നഗരത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷവും ഇക്കാര്യത്തില്‍ മാറ്റമുണ്ടായില്ല.
എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ഇപ്പോള്‍ നെടുമ്പാശ്ശേരിയിലേക്ക് വഴിതിരിച്ചുവിടുകയാണ്. ബോയിംഗ് 747 പോലുള്ള വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ പാകത്തില്‍ റണ്‍വേ വികസനം നടത്തുന്നതിന് കേന്ദ്രവ്യോമയാനമന്ത്രി ശരത് യാദവ് തറക്കല്ലിട്ടെങ്കിലും ഇപ്പോഴും ഈ പ്രവൃത്തി കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്തു കിടക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും പാര്‍ലമെന്റംഗങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications