മുഷാറഫിന്റെ ഗൈഡായി മലയാളിയും
ദില്ലി: പ്രേമത്തിന്റെ സ്മാരകമായ താജ്മഹല്‍ സന്ദര്‍ശിക്കുന്ന പാക് പ്രസിഡന്റ് മുഷാറഫിനെയും ഭാര്യയെയും അനുഗമിക്കാന്‍ മലയാളി ഗൈഡ്. താജ്മഹലിന്റെ വിസ്മയങ്ങള്‍ മുഴുവന്‍ മുഷാറഫിനും ഭാര്യയ്ക്കും വിശദീകരിച്ചുകൊടുക്കേണ്ട ചുമതല കൊടുവള്ളി സ്വദേശി കെ. കെ. മുഹമ്മദിനാണ്.
കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ഗ്രാമത്തില്‍ നിന്നുള്ള മുഹമ്മദ് ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ സൂപ്രണ്ടാണ്. മുഹമ്മദടക്കം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ നാല് ഉദ്യോഗസ്ഥരാണ് താജ്മഹലിനെപ്പറ്റി വിവരിച്ചുകൊടുക്കാനുള്ള സംഘത്തിലുള്ളത്.
മുഷാറഫിന്റെ ഭാര്യ ഷേബ ജൂലായ് 15 ഞായറാഴ്ച ഫത്തേപൂര്‍ സിക്രിയും പിന്നീട് ആഗ്ര കോട്ടയും സന്ദര്‍ശിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഹമ്മദ് പറഞ്ഞു. മുഷാറഫും ഭാര്യയും സന്ദര്‍ശനം നടത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് താജ്മഹല്‍ അടയ്ക്കുമെന്നും മുഹമ്മദ് പറഞ്ഞു.
നൂര്‍ജഹാന്റെ പിതാവ് മിര്‍സ ഗ്യാസ് ബെയ്ഗിന്റെ ശവകുടീരമുള്‍പ്പെട്ട ചരിത്രസ്മാരകമായ ഈദ്-മദ്-ഉദൗല്ലാഹയില്‍ ബീഗം ഷേബ ഒറ്റയ്ക്ക് സന്ദര്‍ശനം നടത്തുമെന്നും മുഹമ്മദ് അറിയിച്ചു. കരകൗശല കേന്ദ്രങ്ങളില്‍ ഷേബയ്ക്ക് ഷോപ്പിംഗ് നടത്താന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. ബീഗം ഷേബയുടെ കാര്യങ്ങള്‍ നോക്കിനടത്താന്‍ സര്‍ക്കാര്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഭാര്യയെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications