സല്‍ക്കാരത്തിന് എന്‍ഡിഎയില്ല; കോണ്‍ഗ്രസ് തീരുമാനിച്ചില്ല
ദില്ലി: പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അഷ്റഫ് ജഹാംഗീര്‍ ഖാസി ജൂലായ് 14 ശനിയാഴ്ച ഒരുക്കുന്ന ചായസല്‍ക്കാരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) തീരുമാനിച്ചു. സല്‍ക്കാരത്തിലേക്ക് ഓള്‍ പാര്‍ട്ടി ഹൂറിയത്തിനെ ക്ഷണിച്ച നടപടിയില്‍ പ്രതിഷേധിച്ചാണിത്.
ഹൂറിയത്തിനെ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തില്‍ കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സിനെയോ ആ പാര്‍ട്ടിയുടെ ഏതെങ്കിലും ഒരു എംപിയെയോ ക്ഷണിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. ഹൂറിയത്ത് മാത്രമാണ് കശ്മീരിന്റെ പ്രതിനിധികള്‍ എന്ന പാകിസ്ഥാന്റെ നിലപാടാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യക്ക് ഈ വീക്ഷണത്തോട് യോജിക്കാനാകില്ല - സല്‍ക്കാരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.
ജൂലായ് 11 ബുധനാഴ്ച പ്രധാനമന്ത്രി എന്‍ഡിഎ ഘടകകക്ഷികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമായത്. കേന്ദ്രഊര്‍ജ മന്ത്രി സുരേഷ് പ്രഭു (ശിവസേന) ആണ് സല്‍ക്കാരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. പാര്‍ലമെന്ററി കാര്യമന്ത്രി പ്രമോദ് മഹാജനും ബിജെപി എംപി വി.കെ. മല്‍ഹോത്രയും പിന്തുണച്ചു.
സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. സല്‍ക്കാരത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യം കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. ഹൂറിയത്തിന്റെ സാന്നിദ്ധ്യം ഒരു പ്രശ്നമല്ലെന്നായിരുന്നു എഐസിസി വിദേശകാര്യ സെല്‍ ചെയര്‍മാന്‍ നട്വര്‍ സിംഹ് പറഞ്ഞിരുന്നത്.
പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിപക്ഷ നേതാവ് സോണിയാഗാന്ധിയാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സല്‍ക്കാരത്തില്‍ പങ്കെടുക്കേണ്ടത്. എന്നാല്‍ അവസാന സൂചനയനുസരിച്ച് അവര്‍ പങ്കുകൊള്ളില്ലെന്നാണറിയുന്നത്. ക്ഷണം നിരസിക്കുന്നതിന് ഇതുവരെ ഔദ്യോഗിക കാരണങ്ങള്‍ ഒന്നും ചൂണ്ടിക്കാണിച്ചിട്ടില്ല.
മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളും സല്‍ക്കാരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹൂറിയത്ത് നേതാക്കളെ ക്ഷണിച്ചുകൊണ്ട് പാകിസ്ഥാന്‍ ഇന്ത്യയുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ഗുജ്റാള്‍ പറഞ്ഞത്.












Click it and Unblock the Notifications