വന്‍ ഗര്‍ത്തം: ഇടുക്കിയില്‍ ജനങ്ങള്‍ പരിഭ്രാന്തിയില്‍
കട്ടപ്പന: ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം രൂപപ്പെട്ട വന്‍ ഗര്‍ത്തങ്ങള്‍ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നു. കൂടുതല്‍ പ്രദേശങ്ങളില്‍ ഭൂമി താഴ്ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയാണ്. ജൂലായ് 12 വ്യാഴാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ഗര്‍ത്തത്തിന് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ താമസക്കാരെ മാറ്റിപാര്‍പ്പിക്കാന്‍ ഉത്തരവിട്ടു. ഡാമിന് 300 മീറ്റര്‍ മാത്രം അകലെയാണ് ഗര്‍ത്തം രൂപംകൊണ്ടിരിക്കുന്നത്.
ഇവിടുത്തെ ഏഴു കുടുംബങ്ങള്‍ ഇതിനകം താമസം മാറ്റിക്കഴിഞ്ഞു. ഗര്‍ത്തത്തിന്റെ കാരണങ്ങളെപ്പറ്റി പഠിക്കാന്‍ തിരുവനന്തപുരം ഭൗമശാസ്ത്രകേന്ദ്രത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ സംഭവസ്ഥലത്തെത്തിക്കഴിഞ്ഞു. ഇടുക്കി- തങ്കമണി റൂട്ടിലാണ് കഴിഞ്ഞ ദിവസം ഭൂമി താഴ്ന്ന് ഗര്‍ത്തം രൂപപ്പെട്ടത്. സമയം കഴിയുന്തോറും ഗര്‍ത്തത്തിന്റെ വ്യാപ്തിയും ആഴവും ഏറിക്കൊണ്ടിരിക്കുകയാണെന്നതാണ് സമീപവാസികളെ പരിഭ്രാന്തരാക്കുന്നത്.
ഇപ്പോള്‍ ഗര്‍ത്തത്തിന്റെ ആഴം 50 അടിയോളം ആയിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കിണറുകള്‍ താഴ്ന്നുപോകുന്ന സംഭവമുണ്ടായതിന്റെ തൊട്ടു പിന്നാലെയാണ് ഭൂമി താഴ്ന്നുപോയി, ഗര്‍ത്തം രൂപപ്പെടുന്ന ഈ പുതിയ പ്രതിഭാസം.
ജൂലായ് 11 ബുധനാഴ്ച ഇടുക്കി-തങ്കമണി റൂട്ടിലുള്ള നായരുപാറ കുന്നനാല്‍ മാത്യു ദേവസ്യയുടെ മകന്‍ മോളിയാണ് ഈ അത്ഭുതപ്രതിഭാസം നേരില്‍ കണ്ടത്. പുരയിടത്തിലെ റബര്‍ മരം താഴ്ന്നുപോകുന്നതു കണ്ട മോളി നിലവിളിച്ച് ബഹളം കൂട്ടി. കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് റബര്‍ മരം പൂര്‍ണ്ണമായും താഴ്ന്നു പോകുന്നത് കണ്ടത്. അവിടെ ക്രമേണ വ്യാപ്തിയേറിയ ഒരു ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപസ്ഥലത്ത് പലയിടങ്ങളിലും ഗര്‍ത്തങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. സമീപസ്ഥലങ്ങളിലെ പാടം കലങ്ങിമറിഞ്ഞതായും കിണറുകളില്‍ വെള്ളം പതഞ്ഞുപൊങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications