ദാവൂദിന്റെ കൈമാറ്റക്കാര്യം അദ്വാനി ചര്‍ച്ചചെയ്തു
ദില്ലി: പാക് പ്രസിഡന്റ് മുഷാറഫുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയ്ക്ക് വിട്ടുനല്കേണ്ടതിനെക്കുറിച്ച് ചര്‍ച്ചചെയ്തു. ജൂലായ് 14 ശനിയാഴ്ച രാവിലെ 11.35ന് രാഷ്ട്രപതിഭവനിലെ ദ്വാരകാ സ്യൂട്ടില്‍ വച്ചാണ് അദ്വാനിയും മുഷാറഫും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
കറാച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ നടന്ന പല കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. ദാവൂദിനെ പിടികൂടാന്‍ ഇന്ത്യ കുറെക്കാലമായി ശ്രമിച്ചുവരികയാണ്. ദാവൂദിനെ ഇന്ത്യയ്ക്ക് കൈമാറേണ്ടതിന്റെ ആവശ്യകത മുഷാറഫിനെ ബോധ്യപ്പെടുത്താനായിരുന്നു അദ്വാനിയുടെ ശ്രമം.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി-814 എന്ന യാത്രാവിമാനം ഖണ്ഡഹാറില്‍ റാഞ്ചിയ സംഭവത്തെപ്പറ്റിയും അദ്വാനി മുഷാറഫുമായി ചര്‍ച്ച ചെയ്തു. വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹും നേരത്തെ മുഷാറഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
താജ് പാലസ് ഹോട്ടലില്‍ വാജ്പേയിയും മുഷാറഫുമായി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നേരിട്ട് നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ വാജ്പേയിയുടെ നിര്‍ദേശപ്രകാരം ചില മാറ്റങ്ങള്‍ വരുത്തി. കൂടിക്കാഴ്ചയില്‍ അദ്വാനിയും ജസ്വന്ത്സിംഹും വാജ്പേയിയെ അനുഗമിച്ചു. കശ്മീര്‍ എന്ന ഒറ്റ അജണ്ടയുമായാണ് താന്‍ ഇന്ത്യയില്‍ വന്നിരിക്കുന്നതെന്ന് മുഷാറഫ് വ്യക്തമാക്കിയതിനെതുടര്‍ന്നാണ് വാജ്പേയി തനിയെ മുഷാറഫിനെ കാണേണ്ടെന്ന തീരുമാനത്തിലെത്തിയത്.












Click it and Unblock the Notifications