മുഷാറഫ് തറവാട് സന്ദര്‍ശിച്ചു
ദില്ലി: ധര്യാഗഞ്ചിലുള്ള തന്റെ തറവാട്വീട് ഇന്ത്യയിലെത്തിയ പാക് പ്രസിഡന്റ് മുഷാറഫ് സന്ദര്‍ശിച്ചു. ജൂലായ് 14 ശനിയാഴ്ച ഉച്ചയോടെയാണ് മുഷാറഫ് താന്‍ ജനിച്ചുവളര്‍ന്ന തറവാട് വീടായ നെഹര്‍വാലി ഹാവേലി സന്ദര്‍ശിച്ചത്.
നെഹര്‍വാലി ഹാവേലിയില്‍ ഭാര്യ ബീഗം ഷേബയോടൊപ്പമെത്തിയ മുഷാറഫ് 20 മിനിറ്റോളം ചെലവഴിച്ചു. താന്‍ ജനിച്ച് നാലുവയസ്സുവരെ ചെലവഴിച്ച തറവാട്ടുവീട്ടിലേക്കുള്ള മടക്കയാത്ര വികാരനിര്‍ഭരമായാണ് മുഷാറഫ് ആസ്വദിച്ചത്.
58കാരനായ മുഷാറഫ് ഇന്ത്യാവിഭജനക്കാലത്ത് 1947ലാണ് അവസാനമായി തന്റെ തറവാട്ട് വീട് ഒടുവില്‍ കണ്ടത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വേരുകള്‍ തേടിയുള്ള തന്റെ മടക്കയാത്രയ്ക്കിടയില്‍ പലപ്പോഴും അദ്ദേഹം ഒരു കൊച്ചുകുട്ടിയെപ്പോലെ വികാരനിര്‍ഭരനായി കാണപ്പെട്ടു.
ഇന്ത്യാവിഭജനത്തിനു ശേഷം മുഷാറഫിന്റെ പിതാവ് പാകിസ്ഥാനില്‍ അഭയം തേടുകയായിരുന്നു. ഇപ്പോള്‍ ഒരു ജെയിന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നെഹര്‍വാലി ഹവേലിയിലേക്ക് അവര്‍ തന്നെ മുഷാറഫിനെ സ്വീകരിക്കുകയായിരുന്നു. നീല ടീ ഷര്‍ട്ടണിഞ്ഞെത്തിയ മുഷാറഫ് ഏറെ ഉത്സാഹഭരിതനായി കാണപ്പെട്ടു. നടന്നു കാണുന്നതിനിടയില്‍ വീടിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അദ്ദേഹം പലപ്പോഴും വാചാലനായി. അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന വീടിന്റെ പഴയ ചിത്രങ്ങളും അദ്ദേഹം നോക്കിക്കണ്ടു.
നെഹര്‍വേലി ഹവാലി നിലകൊള്ളുന്ന ധര്യാഗഞ്ച് നഗരത്തിലാകെ കനത്ത സുരക്ഷാകാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. തെരുവുകള്‍ ശൂന്യമായിരുന്നെങ്കിലും പാകിസ്ഥാന്‍ പ്രസിഡന്റിനെ ഒരു നോക്കു കാണാന്‍ ജനലുകളിലൂടെ തിക്കിത്തിരക്കുന്ന തലകള്‍ കാണാമായിരുന്നു. അദ്ദേഹത്തിന്റെ പഴയ വീടിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആല്‍ബം ഇന്ത്യയുടെ പ്രതിനിധി മുഷാറഫിന് സമ്മാനമായി നല്കി.












Click it and Unblock the Notifications