മുഷാറഫ് ഹുറിയത്ത് നേതാക്കളെ കണ്ടു
ദില്ലി: ഇന്ത്യയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ പാക് പ്രസിഡന്റ് മുഷാറഫ് ഹുറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജൂലായ് 14 ശനിയാഴ്ച പാക് ഹൗസില്‍ പാക് ഹൈക്കമ്മീഷണര്‍ നടത്തിയ ചായസല്ക്കാരത്തിന് തൊട്ടുമുമ്പാണ് മുഷാറഫ് ഹുറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
കശ്മീര്‍ ജനതയുടെ ഭാവി തീരുമാനിക്കാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് ഇസ്ലാമബാദിന്റെ ധാര്‍മ്മികവും രാഷ്ട്രീയവുമായ പിന്തുണ മുഷാറഫ് ഹുറിയത്ത് നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടുനിന്നതായും പറയുന്നു.
ഹുറിയത്തിന്റെ ആറംഗ നേതാക്കളാണ് മുഷാറഫിനെ കാണാന്‍ പാകിസ്ഥാന്‍ ഹൈകമ്മീഷണറുടെ വസതിയായ പാക് ഹൗസില്‍ എത്തിയത്. മുഷാറഫ് ഹുറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതിഷേധിച്ച് പാക് ഹൈകമ്മീഷണര്‍ ജഹാംഗീര്‍ ക്വാസി നടത്തിയ ചായസല്ക്കാരം എന്‍ഡിഎ നേതാക്കള്‍ ബഹിഷ്കരിച്ചു.
കശ്മീര്‍ ജനതയ്ക്ക് അവരുടെ ഭാവി തീരുമാനിക്കാന്‍ രാഷ്ടീയവും ധാര്‍മ്മികവുമായ എല്ലാ പിന്തുണയും പാകിസ്ഥാന്‍ തുടരുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഇമാനുള്‍ ഹഖ് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. എന്താണ് ഹുറിയത്ത് നേതാക്കള്‍ മുഷാറഫിനോട് ആവശ്യപ്പെട്ടതെന്ന ചോദ്യത്തിന് കശ്മീര്‍ ജനതയുടെ പോരാട്ടത്തിനുള്ള പാകിസ്ഥാന്റെ പിന്തുണയെന്നായിരുന്നു ഹഖിന്റെ മറുപടി.
മുഷാറഫുമായി നടത്തിയ ചര്‍ച്ച അര്‍ത്ഥവത്തും ഫലവത്തും ആയിരുന്നുവെന്നായിരുന്നു ചര്‍ച്ച കഴിഞ്ഞിറങ്ങിവന്ന ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് അബ്ദുള്‍ ഘാനി ഭട്ടിന്റെ അഭിപ്രായം. കശ്മീരിലെ സംഘടനകള്‍ എല്ലാം ചേര്‍ന്ന് ഒരൊറ്റ സംഘടന രൂപീകരിക്കണമെന്നും ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കശ്മീരി ജനതയെ അവര്‍ പ്രതിനിധീകരിക്കണമെന്നും മുഷാറഫ് നിര്‍ദേശിച്ചതായും അബ്ദുള്‍ ഘാനി ഭട്ട് വിശദമാക്കിയത്.
എന്നാല്‍ ഹുറിയത്തിന്റെ നേതൃത്വത്തിലുള്ള സംയുക്തസംഘത്തിലെ അംഗമായ ജെകെഎല്‍എഫ് നേതാവ് യാസിന്‍ മാലിക് മുഷാറഫുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല. ചായസല്ക്കാരത്തില്‍ മാത്രം പങ്കെടുക്കാനുള്ള പാകിസ്ഥാന്റെ ക്ഷണം അപമാനമായാണ് താന്‍ കാണുന്നതെന്നായിരുന്നു യാസിന്‍ മാലിക്കിന്റെ വിശദീകരണം. വാസ്തവത്തില്‍ കശ്മീര്‍ പ്രശ്നത്തില്‍ തങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ത്രികക്ഷിചര്‍ച്ചയാണ് വേണ്ടതെന്നും യാസിന്‍ മാലിക് പറഞ്ഞു.


Click it and Unblock the Notifications