കശ്മീര്‍: തീവ്രവാദി അക്രമത്തില്‍ എട്ട് മരണം
ശ്രീനഗര്‍: പാക് പ്രസിഡന്റ് മുഷാറഫിന്റെ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച് ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദികള്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ അക്രമത്തില്‍ എട്ട് പേര്‍ മരിച്ചു.
ജൂലായ് 14 ശനിയാഴ്ച രാവിലെ അനന്ത്നാഗ് ജില്ലയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ജൂലായ് 13 വെള്ളിയാഴ്ച രാത്രി തീവ്രവാദികള്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ മൂന്നു തീവ്രവാദികളടക്കം ആറ് പേര്‍ മരിച്ചതായി ശനിയാഴ്ച ഔദ്യോഗിക വക്താവ് അറിയിച്ചു.
അനന്ത്നാഗില്‍ നടന്ന ആക്രമണത്തില്‍ ഒരു അച്ഛനും മകളുമാണ് മരിച്ചത്. മുഹമ്മദ് യൂസഫും മകള്‍ പത്ത് വയസ്സുകാരി നസിയയുമാണ് കൊല്ലപ്പെട്ടത്. അതിനിടെ സുരക്ഷാസൈനികരുടെ അവസരോചിതമായ ഇടപെടലില്‍ വലിയൊരു അപകടം ഒഴിവായി. വെള്ളിയാഴ്ച രാത്രി പതിവ് പട്രോളിംഗിനിടയില്‍ റോഡില്‍ കിടന്ന അലൂമിനിയം കണ്ടെയ്നര്‍ പട്ടാളക്കാരുടെ ശ്രദ്ധയില്‍ പെട്ടു. പരിശോധനയില്‍ കണ്ടെയ്നറിനകത്ത് 12 കിലോ ആര്‍ഡിഎക്സ് കണ്ടെടുത്തു നശിപ്പിച്ചു. തനമാണ്ടി-ദെരി ഗലി റോഡില്‍ മറ്റൊരു വീര്യമേറിയ ബോംബും സൈനികര്‍ നിര്‍വീര്യമാക്കി.
വെള്ളിയാഴ്ച പൂഞ്ച് ജില്ലയിലെ ഗംഭീര്‍-മുഗ്ലന്‍ ഗ്രാമത്തിലെ റഫീഖ് എന്ന ഡോക്ടറുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. ഡോക്ടറുടെ വീട്ടില്‍ തീവ്രവാദികളുടെ ഒരു ഒളികേന്ദ്രവും കണ്ടെത്തി. ചുമരിനോട് ചേര്‍ത്തിട്ട അലമാരയുടെ പിന്നില്‍ ഒന്നുരണ്ടുപേര്‍ക്ക് ഒളിച്ചിരിക്കാവുന്ന ചെറിയൊരു തുരങ്കമുണ്ടാക്കിയിരിക്കുകയാണ്. തുരങ്കത്തില്‍ നിന്നും 440റൗണ്ട് വെടിയുണ്ടകളടങ്ങിയ പെട്ടിയും 12 കിലോ ആര്‍ഡിഎക്സും അഞ്ച് ഗ്രനേഡുകളും പിടിച്ചെടുത്തു.
രജൗറി ജില്ലയില്‍ വെള്ളിയാഴ്ച രാത്രി തീവ്രവാദികള്‍ പൊലീസ്സ്റേഷന്‍ ആക്രമിച്ചു. പൊലീസുകാര്‍ തിരിച്ചു വെടിവച്ചു. എന്നാല്‍ ആളപായമൊന്നുമുണ്ടായില്ല. കശ്മീരിലെ അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തീവ്രവാദി ആക്രമണത്തിന്റെ ദുരന്തത്തിനിരയായ സ്ത്രീകളടക്കമുള്ള 128 പേര്‍ ഒപ്പിട്ട ഒരു നിവേദനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും പാകിസ്ഥാന്‍ എംബസിയിലേക്കും അയച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് കശ്മീര്‍ താഴ്വരയിലെ അക്രമം അവസാനിപ്പിക്കണമെന്ന് നിവേദനത്തില്‍ വാജ്പേയിയൊടും പാക് പ്രസിഡന്റ് മുഷാറഫിനോടും നിവേദനം അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications