അഗസ്ത്യകൂടം അന്താരാഷ്ട്ര ജൈവമണ്ഡലമാകും
തിരുവനന്തപുരം: കേരളത്തിലെ അഗസ്ത്യകൂടവും അതിനോട് ചേര്‍ന്ന വനമേഖലയും അന്താരാഷ്ട്ര ജൈവമണ്ഡലമായി യുനെസ്കോ പ്രഖ്യാപിക്കും.
സമുദ്രനിരപ്പില്‍ നിന്നും 1868 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യമലയും മലയുടെ താഴ്വരയിലെ 3, 000 ചതുരശ്ര കിലോമീറ്ററോളം വരുന്ന വനമേഖലയുമാണ് അന്താരാഷ്ട്ര ബയോസ്ഫിയര്‍ റിസര്‍വായി പ്രഖ്യാപിക്കുക.
കേരളത്തിന്റെയും തമിഴ്നാടിന്റെയും വനം വകുപ്പുകളാണ് ഇതിന് വേണ്ട പ്രാരംഭ നടപടികള്‍ കൈക്കൊണ്ടത്. വകുപ്പുകളുടെ റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ യുനെസ്കോയ്ക്ക് ശുപാര്‍ശ നല്‍കിയതെന്ന് സംസ്ഥാന വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. 1958 മുതല്‍ അഗസ്ത്യവനത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു.
സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ താഴെയോ മുകളിലോ ഉള്ള ഭൂപ്രദേശത്തെയാണ് ജൈവമണ്ഡലമായി കണക്കാക്കുക. ബയോസ്ഫിയര്‍ ആയി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മേഖലയില്‍ വസിക്കുന്ന മനുഷ്യരും സംരക്ഷണത്തിന്റെ പരിധിയില്‍ വരും. ഇപ്പോള്‍ അഗസ്ത്യവനത്തിലെ സസ്യങ്ങളും ജന്തുജാലങ്ങളും മാത്രമേ സംരക്ഷണ പരിധിയില്‍ വരുന്നുള്ളു.
എന്നാല്‍ അന്താരാഷ്ട്ര ബയോസ്ഫിയര്‍ ആകുന്നതോടെ വിദേശത്തു നിന്നുമുള്ള പലരും സ്വാര്‍ത്ഥലാഭത്തിനായി മേഖലയിലെ മനുഷ്യരെയും സസ്യങ്ങളെയും ഗവേഷണത്തിന് ഉപയോഗിക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബയോസ്ഫിയറായ നീലഗിരിക്കുന്നുകള്‍ ചൂണ്ടിക്കാട്ടി ഈ ആശങ്ക അസ്ഥാനത്താണെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. മാത്രമല്ല വിപുലമായ ഗവേഷണസൗകര്യങ്ങളും ഇതിലൂടെ ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications