കടലുണ്ടി: ഏത് അന്വേഷണത്തിനും തയാര്‍
തിരുവനന്തപുരം: കടലുണ്ടി ട്രെയിനപകടത്തെ കുറിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയായാല്‍ ഏത് അന്വേഷണത്തിനും തയാറെന്ന് റെയില്‍വെ മന്ത്രി നിതീഷ്കുമാര്‍.
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് ചീഫ് സേഫ്റ്റി കമ്മീഷണര്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജൂലായ് 14 ശനിയാഴ്ച നടന്ന ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ജനവരിക്കും ജൂണിനുമിടയില്‍ സംസ്ഥാനത്തിലെ റെയില്‍പാലങ്ങളുടെ സുരക്ഷ പരിശോധിച്ച് കുറവുകള്‍ തീര്‍ക്കുമെന്നും നിതീഷ്കുമാര്‍ അറിയിച്ചു.
മംഗലാപുരം-തിരുവനന്തപുരം ദ്വൈവാര എക്സ്പ്രസ് താമസിയാതെ സര്‍വീസ് തുടങ്ങും. ഷൊര്‍ണൂര്‍-മംഗലാപുരം പാതയുടെ ഇരട്ടിപ്പിക്കല്‍ ജോലി 2003ന് മുമ്പ് പൂര്‍ത്തിയാക്കും. കേരളത്തിലെ 400 കിലോമീറ്റര്‍ റെയില്‍പാത ഇരട്ടിപ്പിക്കാനാണ് പദ്ധതി. കേരളത്തിലെ റെയില്‍വെ വികസനപദ്ധതികള്‍ ഏകോപിപ്പിക്കാന്‍ ഒരു നോഡല്‍ ഉദ്യോഗസ്ഥനെ ഉടനെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പ്രളയക്കെടുതികളെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘത്തെ അയക്കുമെന്ന് കൃഷിവകുപ്പിന്റെ കൂടെ ചുമതല വഹിക്കുന്ന നിതീഷ്കുമാര്‍ പറഞ്ഞു. സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നഷ്ടപരിഹാരത്തുകയെ കുറിച്ച് തീരുമാനമാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ റെയില്‍പാലങ്ങള്‍ അടിയന്തിരമായി പുതുക്കിപ്പണിയണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് അര്‍ഹമായ റെയില്‍വെ വിഹിതം കിട്ടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, കെ. കരുണാകരന്‍, കേരളത്തിലെഎംപിമാര്‍, മന്ത്രിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications