കടുത്ത നടപടികള്‍ ഉണ്ടാകും: ധനമന്ത്രി
തിരുവനന്തപുരം: കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബജറ്റിനു പിന്നാലെ കടുത്ത നടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു. വൈദ്യുതി, ബസ് ചാര്‍ജുകള്‍ കൂട്ടുന്ന കാര്യം ഇപ്പോഴും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജൂലായ് 14 ശനിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഒരു ഭേദഗതി ബജറ്റെന്ന നിലയില്‍ പഴയ ബജറ്റിന്റെ അടിസ്ഥാനശിലയില്‍ മാറ്റം വരുത്താന്‍ സാധ്യമല്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ എട്ടുമാസത്തേക്ക് ഒരു അഡ്ജസ്റ്മെന്റ് ബജാറ്റാണുണ്ടാക്കിയിരിക്കുന്നത്.
ബജറ്റില്‍ കടുത്ത നടപടികളെടുക്കാതിരുന്നത് ചില രാഷ്ട്രീയ കാരണങ്ങളാലാണ്. അവസാന മിനുക്കുപണി നടത്തുന്നത് ഉദ്യോഗസ്ഥരല്ല. - മന്ത്രി ചൂണ്ടിക്കാട്ടി.
കഴിയുന്നതും സാധാരണക്കാരനെ ബാധിക്കാത്ത തരത്തിലാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൈക്കൊള്ളേണ്ട മുഴുവന്‍ നിര്‍ദ്ദേശങ്ങളും ഈ ബജറ്റില്‍ ഇല്ലാത്തതിനാല്‍ നാമമാത്രമായ വിലക്കയറ്റമേ ഉണ്ടാകുകയുള്ളൂ. നികുതി വര്‍ദ്ധനവ് സാധാരണക്കാരെ ബാധിക്കില്ല. സോപ്പിന് അഞ്ചു പൈസയും അരിക്ക് ഒന്നര പൈസയുമേ കൂടുകയുള്ളൂ. നിയമപ്രകാരം നികുതി നല്‍കുന്നവര്‍ക്ക് ബജറ്റ് മൂലം ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉള്ളതിന്റെ 15 ശതമാനം അധികമായി മാത്രമേ വില്‍പ്പന നികുതി ഈടാക്കുകയുള്ളൂ. അഞ്ച് കോടി രൂപ സര്‍ക്കാരിന് വില്‍പ്പന നികുതി ഇനത്തില്‍ കിട്ടാനുണ്ട്. നികുതി ഒടുക്കാത്തവരെ പരിശോധിച്ചാലും കുറ്റം, നികുതി ഈടാക്കാതിരുന്നാലും കുറ്റമെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ശങ്കരനാരായണന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പരിമിതമായ വിഭവശേഷികൊണ്ടു മാത്രം വികസനം ഉണ്ടാക്കാന്‍ കഴിയില്ല. അതിനാലാണ് സ്വകാര്യമേഖലയെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നത്. അതുകൊണ്ട് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്.
എംഎല്‍എമാര്‍ക്ക് 25 ലക്ഷം രൂപ അനുവദിച്ചത് അധികാരവികേന്ദ്രീകരണത്തെ തകര്‍ക്കാനൊന്നുമല്ല. എംപിമാര്‍ക്ക് നല്‍കുന്ന രണ്ടു കോടി രൂപ വേണ്ടെന്നു വയ്ക്കാന്‍ എല്‍ഡിഎഫിന് കഴിയുമോ? - അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications