ദാമോദരന്‍ യുടിഐ ചെയര്‍മാന്‍
ദില്ലി: യൂണിറ്റ് ട്രസ്റ് ഓഫ് ഇന്ത്യയുടെ (യുടിഐ) ചെയര്‍മാനായി എം. ദാമോദരനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രത്യേക ഡ്യൂട്ടിയില്‍ കഴിയുന്ന ഓഫീസറാണ് എം. ദാമോദരന്‍.
തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് ദാമോദരന്റെ നിയമനം. ഇപ്പോള്‍ ആക്ടിംഗ് ചെയര്‍മാനായ കെ.ജി. വാസലില്‍ നിന്ന് അദ്ദേഹം ചുമതലയേറ്റെടുക്കും. യുഎസ് 64 പദ്ധതി മരവിപ്പിക്കാനുള്ള നീക്കത്തെത്തുടര്‍ന്ന് യുടിഐയില്‍ ഉടലെടുത്ത അനിശ്ചിതത്വമാണ് ദാമോദരനെ ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തിച്ചത്. വിവാദത്തെത്തുടര്‍ന്ന് യുടിഐ ചെയര്‍മാന്‍ പി.എസ്. സുബ്രഹ്മണ്യം ജൂലായ് നാലിന് രാജിവച്ചിരുന്നു. തുടര്‍ന്നാണ് വാസല്‍ ആക്ടിംഗ് ചെയര്‍മാനായത്.
യുടിഐക്ക് പുതിയ ചെയര്‍മാനുണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച ധനമന്ത്രി യശ്വന്ത് സിന്‍ഹ പ്രഖ്യാപിച്ചിരുന്നു. മുമ്പ് ബാങ്കിംഗ് ഡിവിഷനില്‍ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഐഎഎസ് ഓഫീസറാണ് ദാമോദരന്‍.












Click it and Unblock the Notifications