ചര്‍ച്ച ഫലവത്തായിരുന്നുവെന്ന് മുഷാറഫ്
ആഗ്ര: താജ്മഹല്‍ നഗരമായ ആഗ്രയില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായി നടന്ന സംഭാഷണം ഫലവത്തായിരുന്നുവെന്ന് പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ്.
ജേപീ ഹോട്ടലില്‍ നടന്ന വാജ്പേയി-മുഷാറഫ് നേര്‍ക്കുനേര്‍ സംഭാഷണത്തെ സൂചിപ്പിച്ചുകൊണ്ട് ജൂലായ് 15 ഞായറാഴ്ച താജ്മഹല്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.
സന്ദര്‍ശനം നീട്ടുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. എല്ലാം ശരിയായി നടക്കുകയാണെങ്കില്‍ പിന്നയെന്തിന് സന്ദര്‍ശനം നീട്ടണം? ഇതായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
വാജ്പേയിയും മുഷാറഫും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വക്താവ് നിരുപമ റാവു നേരത്തെ വ്യക്തമാക്കിയിരുന്നു.
സംഭാഷണം നല്ല ഫലമാണുളവാക്കിയതെന്ന് പാകിസ്ഥാന്‍ വക്താവ് റഷീദ് ഖുറേഷിയും വ്യക്തമാക്കിയിട്ടുണ്ട്. മുഷാറഫിന്റെ സന്ദര്‍ശനം നീട്ടും എന്ന സൂചനയാണ് ഖുറേഷി നല്‍കിയത്. ഇതുവരെ ആരും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. സംഭാഷണം നടന്നു പോകുന്നു. ആവശ്യമെങ്കില്‍ ചിലപ്പോള്‍ വഴങ്ങേണ്ടിവരും, ഖുറേഷി പറഞ്ഞു.












Click it and Unblock the Notifications