നാദാപുരം: എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തും
കോഴിക്കോട്: അക്രമം ബാധിച്ച നാദാപുരത്ത് സമാധാനം കൈവരിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ജൂലായ് 15 ഞായറാഴ്ച കോഴിക്കോട്ട് നടന്ന സര്‍വകക്ഷിയോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉഭയകക്ഷി ചര്‍ച്ചയും സര്‍വകക്ഷിചര്‍ച്ചയും ഇതില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ നീക്കത്തിന്റെ തുടക്കമെന്ന നിലയില്‍ വ്യവാസയമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ആദ്യ ഉഭയകക്ഷി ചര്‍ച്ച നടക്കും. നാദാപുരത്ത് ഏറെ പേരുടെ മരണത്തിന് കാരണമായ അക്രമങ്ങള്‍ മുസ്ലിംലീഗും സിപിഎമ്മും തമ്മിലാണ് നടക്കുന്നത്.
പ്രശ്നപരിഹാരത്തിനായി നാദാപുരത്ത് സര്‍വകക്ഷിയോഗം വിളിക്കുന്നതുള്‍പ്പെടെ ഒട്ടേറെ സര്‍വകക്ഷിയോഗങ്ങളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു നയവും യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളില്ല. നാദാപുരത്ത് ശാശ്വത സമാധാനം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം - ആന്റണി പറഞ്ഞു.
ഞായറാഴ്ച രാവിലെ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, പി. ശങ്കരന്‍, കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍, എം.കെ. പ്രേമജം എംപി, എംഎല്‍എമാരായ കോടിയേരി ബാലകൃഷ്ണന്‍, ബിനോയ് വിശ്വം, സി.കെ. നാണു, എ.സി. ഷണ്‍മുഖദാസ്, ജില്ലാ കളക്ടര്‍ ബിശ്വനാഥ് സിന്‍ഹ, മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍, നാദാപുരത്തെ പ്രാദേശിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications