ബംഗ്ലാദേശില്‍ താല്‍ക്കാലിക സര്‍ക്കാര്‍
ധാക്ക: ബംഗ്ലാദേശില്‍ മുന്‍ ചീഫ് ജസ്റിസ് ലത്തിഫുര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സര്‍ക്കാര്‍ ജൂലായ് 15 ഞായറാഴ്ച വൈകീട്ട് അധികാരമേറ്റെടുക്കും. പാര്‍ലമെന്റ് പിരിച്ചുവിട്ട് 90 ദിവസത്തിനുള്ളില്‍ പൊതു തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് രാഷ്ട്രീയാതീതമായ താല്‍ക്കാലിക സര്‍ക്കാരിന്റെ പ്രധാന ചുമതല.
റഹ്മാന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സര്‍ക്കാര്‍ വരുന്നതോടെ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നേതൃത്വം നല്‍കിയ അഞ്ചു വര്‍ഷം നീണ്ടു നിന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവസാനിക്കും.
ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴു മണിക്ക് പ്രസിഡണ്ട് ജസ്റിസ് ഷഹാബുദ്ദീന്‍ അഹ്മദാണ് ജസ്റിസ് റഹ്മാന് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഭരണകാര്യങ്ങളില്‍ ഉപദേശിക്കാനായി രാഷ്ട്രീയപാര്‍ട്ടികളില്‍ ഉള്‍പ്പെടാത്ത 10 ഉപദേശകരെ റഹ്മാന് നിയമിക്കാം.
അതേസമയം ഭരണകക്ഷിയായ അവാമി ലീഗിന്റെയും പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനകം തന്നെ 10 പേര്‍ അക്രമത്തില്‍ മരിച്ചുകഴിഞ്ഞുവെന്ന് ചില പത്രറിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്ത് ക്രമസമാധാനം പുനസ്ഥാപിക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും പൊലീസ് അധികൃതരോട് പ്രസിഡണ്ട് ഷഹാബുദ്ദീന്‍ അഹ്മദ് ഉത്തരവിട്ടിട്ടുണ്ട്. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications