കശ്മീരിനെ അവഗണിച്ച് ചര്‍ച്ചയില്ല: മുഷാറഫ്
ആഗ്ര: താന്‍ കശ്മീരിനെ അവഗണിക്കുമെന്ന് ഇന്ത്യ കരുതരുതെന്ന് പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നല്ല ബന്ധത്തിന് തടസ്സമായി നില്‍ക്കുന്നത് കശ്മീര്‍ തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ജൂലായ് 16 തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളുടെ സീനിയര്‍ എഡിറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എങ്കിലും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായുള്ള സംഭാഷണങ്ങള്‍ക്കൊടുവില്‍ ചിലതെന്തെങ്കിലും ഉരുത്തിരിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും മുഷാറഫ് വ്യക്തമാക്കി.
കശ്മീര്‍ തന്നെയാണ് മുഖ്യപ്രശ്നമെന്ന മുഷാറഫിന്റെ പ്രസ്താവന ആഗ്ര ഉച്ചകോടിയുടെ ഫലത്തെക്കുറിച്ച് ഏറെ സംശയങ്ങള്‍ക്കിട നല്‍കിയിരിക്കുകയാണ്. ഞായറാഴ്ച വരെ ഇരുവിഭാഗവും ചര്‍ച്ചകള്‍ ക്രിയാത്മകവും ഫലവത്തുമായിരുന്നെന്ന് പറഞ്ഞതിനു ശേഷം തിങ്കളാഴ്ചയുണ്ടായ സംഭവവികാസങ്ങള്‍ ഉച്ചകോടിയെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. തിങ്കളാഴ്ച മുഷാറഫ് വീണ്ടും വാജ്പേയിയുമായി നേര്‍ക്കു നേര്‍ സംഭാഷണം നടത്തുന്നുണ്ട്.
വാര്‍ത്താ വിതരണ മന്ത്രി സുഷമാസ്വരാജിന്റെ പ്രസ്താവന മുഷാറഫിനെ ഏറെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. പ്രധാനമന്ത്രി വാജ്പേയിയുമായുള്ള സംഭാഷണത്തിന്റെ ഭൂരിഭാഗം സമയവും കശ്മീരാണ് ചര്‍ച്ച ചെയ്തതെങ്കിലും അവര്‍ അതിനെക്കുറിച്ചൊരക്ഷരം പോലും പറഞ്ഞില്ല, മുഷാറഫ് ചൂണ്ടിക്കാട്ടി. അതിര്‍ത്തി തീവ്രവാദം, ആണവയാുധ നിര്‍വ്യാപനം, വാണിജ്യം, യുദ്ധത്തടവുകാര്‍ എന്നീ പ്രശ്നങ്ങളാണ് വാജ്പേയിയും മുഷാറഫും ചര്‍ച്ച ചെയ്തതെന്നായിരുന്നു സുഷമാ സ്വരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
മറ്റു പ്രശ്നങ്ങള്‍ സംസാരിക്കില്ല എന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. പക്ഷെ കശ്മീരാണ് പ്രധാനപ്രശ്നമെന്ന് ദയവായി മനസ്സിലാക്കൂ. ഇനിയും ഞാനിതു തന്നെയേ പറയുകയുള്ളൂ, മുഷാറഫ് വ്യക്തമാക്കി. കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള നല്ല അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇരുവിഭാഗവും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ചില നടപടികള്‍ കൈക്കൊള്ളുന്നതിനെയും അദ്ദേഹം എതിര്‍ത്തു. കശ്മീര്‍ പ്രശ്നത്തിന്റെ പരിഹാരമാണ് യഥാര്‍ത്ഥത്തില്‍ ആത്മവിശ്വാസം വളര്‍ത്തുക, അദ്ദേഹം പറഞ്ഞു. കശ്മീരില്‍ നടക്കുന്നത് തീവ്രവാദമാണെന്ന ഇന്ത്യയുടെ നിലപാടിനെ എതിര്‍ത്ത അദ്ദേഹം അവിടെ നടക്കുന്നത് സ്വാതന്ത്യ്ര സമരമാണെന്ന് അഭിപ്രായപ്പെട്ടു.
ഉച്ചകോടിയില്‍ അനുകൂലമായ ചില ഫലങ്ങള്‍ ഉണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച മുഷാറഫ് പ്രധാനമന്ത്രി വാജ്പേയിയെ പ്രശംസിക്കാനും മറന്നില്ല. വാജ്പേയിയുടെ നയതന്ത്രജ്ഞതയെയും ഇരുരാജ്യങ്ങളും തമ്മില്‍ സംഭാഷണം ആരംഭിക്കാന്‍ അദ്ദേഹം നീക്കം നടത്തിയതിനെയും ആദരിക്കുന്നു - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications