കശ്മീര്‍ പുകയില്‍ നേതാക്കള്‍ വീണ്ടും നേര്‍ക്കുനേര്‍
ആഗ്ര: ആഗ്ര ഉച്ചകോടിയിന്മേല്‍ കശ്മീര്‍ പ്രശ്നം ഉയര്‍ത്തിയ അസ്വാരസ്യത്തിന്റെ കറുത്ത പുകയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വാജ്പേയിയും പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫും വീണ്ടും നേര്‍ക്കുനേര്‍ സംഭാഷണം തുടങ്ങി. ആഗ്രയിലെ ജേപീ ഹോട്ടലില്‍ ജൂലായ് 16 തിങ്കളാഴ്ച രാവിലെയാണ് ഇരുനേതാക്കളും വീണ്ടും സന്ധിച്ചിരിക്കുന്നത്.
ഞായറാഴ്ച രാവിലെ നടന്ന മാധ്യമങ്ങളുടെ സീനിയര്‍ എഡിറ്റര്‍മാരുടെ യോഗത്തില്‍ കശ്മീര്‍ തന്നെയാണ് പ്രധാനപ്രശ്നമെന്ന് മുഷാറഫ് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. കശ്മീരിനെ ഒഴിച്ചു നിര്‍ത്തി ഒരു ചര്‍ച്ച ഇന്ത്യ പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിനെക്കുറിച്ച് ഇതുവരെ ഇന്ത്യ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഞായറാഴ്ച വൈകുന്നേരം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വാര്‍ത്താവിതരണ മന്ത്രി സുഷമാ സ്വരാജ്, വാജ്പേയി-മുഷാറഫ് കൂടിക്കാഴ്ചയില്‍ കശ്മീര്‍ ചര്‍ച്ച ചെയ്തതിനെക്കുറിച്ച് ഒരക്ഷരം പോലും പറയാഞ്ഞത് മുഷാറഫിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച അര്‍ദ്ധരാത്രി പാകിസ്ഥാന്‍ ഇറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലും ഇതിനെതിരായ പ്രതിഷേധം നിഴലിച്ചിരുന്നു.
വാജ്പേയിയും മുഷാറഫും തമ്മിലുള്ള നേര്‍ക്കു നേര്‍ സംഭാഷണത്തിനു ശേഷം പ്രതിനിധിതല സംഭാഷണവും നടക്കും.












Click it and Unblock the Notifications