കശ്മീര്‍പ്രശ്നം പരിഹരിക്കാതെ പുരോഗതി ഉണ്ടാവില്ല
ആഗ്ര: കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി ഉണ്ടാകില്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിച്ചു. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫും തമ്മിലുള്ള ചര്‍ച്ചകള്‍ക്കു ശേഷം ജൂലായ് 15 ഞായാറാഴ്ച അര്‍ദ്ധരാത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പാകിസ്ഥാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റു പ്രശ്നങ്ങളില്‍ പുരോഗതി കൈവരിക്കുമ്പോള്‍ത്തന്നെ കശ്മീരിന്റെ കാര്യത്തിലും പുരോഗതിയുണ്ടാകേണ്ടതുണ്ട്. പ്രധാനമന്ത്രി വാജ്പേയിയും പ്രസിഡണ്ട് മുഷാറഫും തമ്മില്‍ നടന്ന നേര്‍ക്കുനേര്‍ സംഭാഷണത്തിലും കശ്മീര്‍ തന്നെയായിരുന്നു പ്രധാനവിഷയമെന്നും ഒരു പാകിസ്ഥാന്‍ വക്താവ് വ്യക്തമാക്കി.
വാര്‍ത്താവിതരണ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് പാകിസ്ഥാന്‍ വക്താവ് ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തി തീവ്രവാദം, ആണവായുധ നിര്‍വ്യാപനം തുടങ്ങി നാലു വിഷയങ്ങള്‍ നേര്‍ക്കുനേര്‍ സംഭാഷണത്തില്‍ സംസാരിച്ചുവെന്നാണ് സുഷമ സ്വരാജ് പറഞ്ഞിരുന്നത്. കശ്മീരിനെക്കുറിച്ച് ഒറ്റവാക്കുപോലും അവര്‍ പറഞ്ഞിരുന്നില്ല.
ജനങ്ങളുടെ ആഗ്രഹപ്രകാരം കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ കഴിയില്ലെന്ന് പ്രസിഡണ്ട് മുഷാറഫ് പ്രധാനമന്ത്രി വാജ്പേയിയെ അറിയിച്ചിട്ടുണ്ട്, പാകിസ്ഥാന്‍ വക്താവ് വ്യക്തമാക്കി.
സംഭാഷണത്തിന്റെ തുടക്കത്തില്‍ വാജ്പേയി ചില പ്രശ്നങ്ങള്‍ ഉന്നയിച്ചുവെന്ന് വക്താവ് സമ്മതിച്ചു. ഇവയൊക്കെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഷാറഫും സമ്മതിച്ചു. എന്നാല്‍ പ്രധാനപ്രശ്നമായ കശ്മീര്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാതെ മറ്റൊന്നും സംസാരിക്കാന്‍ കഴിയില്ലെന്നും പ്രസിഡണ്ട് വ്യക്തമാക്കിയിട്ടുണ്ട് - വക്താവ് പറഞ്ഞു.
വാജ്പേയിയും മുഷാറഫും തമ്മിലുള്ള സംഭാഷണം ക്രിയാത്മകവും ഫലവത്തുമായിരുന്നുവെന്ന് ഇരു കൂട്ടരും അവകാശപ്പെട്ടതിനിടെ പാകിസ്ഥാന്റെ ഈ പ്രസ്താവന വന്നത് ഉച്ചകോടിയെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.












Click it and Unblock the Notifications