കെഎസ്ആര്‍ടിസി കനത്ത നഷ്ടത്തില്‍: മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ ഓരോ കിലോമീറ്ററിനും 6.38രൂപയുടെ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് ഗതാഗതമന്ത്രി ഗണേഷ്കുമാര്‍. ജൂലായ് 16 തിങ്കളാഴ്ച നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കാന്‍ ഓരോ കിലോമീറ്ററിനും 19.56 രൂപ ചെലവാക്കുന്നുണ്ട്. എന്നാല്‍ 13.18 രൂപ മാത്രമേ വരുമാനമായി ലഭിക്കുന്നുള്ളൂ.
കെഎസ്ആര്‍ടിസിയ്ക്ക് ഇപ്പോള്‍ ഓരോ മാസവും അഞ്ച് കോടിയിലധികം നഷ്ടമുണ്ട്. ഇതിനാല്‍ കാര്യങ്ങള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ ചാര്‍ജ്ജ് വര്‍ധനയെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രി ഗണേഷ്കുമാര്‍ പറഞ്ഞു. കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ നഷ്ടത്തിന് കാരണം ഇന്ധന- സ്പെയര്‍പാര്‍ട്സ് വിലകളിലുണ്ടായ വര്‍ധവും ജനങ്ങളെ സഹായിക്കാന്‍ ലാഭകരമല്ലാത്ത റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതും മൂലമാണെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിക്ക് 300.54 കോടിയുടെ ആസ്തിയുണ്ടെങ്കിലും 1100.07 കോടിയുടെ ബാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ നിന്നുള്ള ദിവസ വരുമാനം ട്രഷറിയില്‍ നിക്ഷേപിക്കുന്നതിന് പകരം ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രി ഗണേഷ്കുമാര്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications