കാലവര്‍ഷക്കെടുതി: 150 കോടിയുടെ നഷ്ടം
തിരുവനന്തപുരം: ഈ വര്‍ഷം കാലവര്‍ഷക്കെടുതിയില്‍ 150 കോടിയുടെ നഷ്ടമുണ്ടായെന്ന് റവന്യൂമന്ത്രി കെ.എം. മാണി നിയമസഭയെ അറിയിച്ചു. 105 പേര്‍ കൊല്ലപ്പെട്ടെന്നും 23 പേരെ കാണാതായെന്നും റവന്യൂ മന്ത്രി കെ.എം.മാണി നിയമസഭയെ അറിയിച്ചു.
മണ്‍സൂണ്‍ കെടുതികളെക്കുറിച്ച് അടിയന്തിരപ്രമേയത്തിന് അനുമതി നല്കുന്നതിനെ എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സിപിഎമ്മിലെ രാജു എബ്രഹാമാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്.
കൃഷിനാശവും റോഡുകള്‍ താറുമാറായതും കാരണം 150 കോടിയുടെ നഷ്ടമാണുണ്ടായത്. വെള്ളപ്പൊക്കം 1500 ഗ്രാമങ്ങളെ ബാധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുകയും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് അഭയം നല്‍കുകയും ചെയ്തു.
കാലവര്‍ഷക്കെടുതിയെ പറ്റി കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കാനായി ജൂലായ് 19ന് താന്‍ ദില്ലിയിലേക്ക് പോകുമെന്ന് മാണി അറിയിച്ചു.
വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ പലയിടത്തും ഇനിയും പൂര്‍ണമായും വെള്ളമിറങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ കൃഷിനാശം മൂലമുണ്ടായ നഷ്ടമെത്രയെന്ന് കൃത്യമായി കണക്കാക്കാനായിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ നഷ്ടത്തെക്കുറിച്ച് കണക്കെടുത്തു വരികയാണ്. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കേന്ദ്രത്തിനുള്ള നിവേദനം തയ്യാറാക്കും.
വെള്ളപ്പൊക്കം മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഒരു കോടി രൂപ വീതം ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. മൊത്തം 29 കോടി രൂപയാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. കേന്ദ്രമന്ത്രി നിതീഷ്കുമാര്‍ ശനിയാഴ്ച തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹവുമായി ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നുവെന്ന് മാണി പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.












Click it and Unblock the Notifications