ആഗ്ര : പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കുന്നു
ദില്ലി: ആഗ്ര ഉച്ചകോടിയെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷവും പാകിസ്ഥാനും ഇന്ത്യയ്ക്കും സംയുക്ത പ്രസ്താവന നടത്താന്‍ കഴിയാതിരുന്നത് ഉച്ചകോടിയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്പാല്‍ റെഡ്ഡി ജൂലായ് 17 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ആഗ്ര ഉച്ചകോടി നടത്താന്‍ സര്‍ക്കാര്‍ തിരക്കിട്ട് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു. സര്‍ക്കാര്‍ ഉച്ചകോടി സംഘടിപ്പിച്ച രീതി ശരിയായില്ലെന്ന് സിപിഎം നേതാവ് ഹര്‍കിഷന്‍സിംഹ് സുര്‍ജിത് കുറ്റപ്പെടുത്തി.
എന്നാല്‍ ആഗ്ര ഉച്ചകോടിയെ അട്ടിമറിക്കാന്‍ പാകിസ്ഥാന്‍ മനപൂര്‍വം ശ്രമിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് ജന കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായി മുഷാറഫ് നടത്തിയ കൂടിക്കാഴ്ച ഈ സംശയത്തെ സാധൂകരിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാല്‍ ആഗ്രയില്‍ സംയുക്തപ്രഖ്യാപനമുണ്ടാകാത്തതില്‍ തനിക്ക് നിരാശയൊന്നുമില്ലെന്ന് ഡോ. ഫാറൂഖ് അബ്ദുള്ള പറഞ്ഞു. 53 വര്‍ഷം പഴക്കമുള്ള ഭിന്നത ഒരു ദിവസം കൊണ്ട് പരിഹരിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും അബ്ദുള്ള അഭിപ്രായപ്പെട്ടു.
ഉച്ചകോടിയെ ജയപരാജയങ്ങളുടെ ഭാഷയില്‍ വിലയിരുത്തരുതെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് വിലയിരുത്തി. ഭാവിയില്‍ ചര്‍ച്ചയില്‍ കശ്മീരിലെ ജനങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഹുറിയത്ത് അധ്യക്ഷന്‍ അബ്ദുള്‍ ഗാനി ഭട്ട് പറഞ്ഞു.
സംഭാഷണങ്ങള്‍ ഇങ്ങിനെ അവസാനിച്ചതിനെ ഒരു ദുരന്തമായാണ് താന്‍ കാണുന്നതെന്ന് ജെകെഎല്‍എഫ് നേതാവ് അമാനുള്ള ഖാന്‍ പറഞ്ഞു. സംഭാഷണങ്ങള്‍ മുന്നേറണമെങ്കില്‍ ഇനിയും കാലമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications