ആഗ്ര ഉച്ചകോടി പരാജയമല്ല: സത്താര്‍
ഇസ്ലാമബാദ് : ആഗ്ര ഉച്ചകോടി പരാജയമല്ലെന്ന് പാക് വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍. ഇന്ത്യയും പാകിസ്ഥാനും ആഗ്രയില്‍ സംയുക്തപ്രഖ്യാപനം നടത്തുന്നതിന് വളരെയടുത്തെത്തിയതാണ്. പക്ഷെ അവസാന നിമിഷമുണ്ടായ തടസ്സം കാര്യങ്ങളെ തകിടം മറിക്കുകയായിരുന്നു.- അദ്ദേഹം പറഞ്ഞു..
ജൂലായ് 17 ചൊവാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടി ഇരുപക്ഷക്കാര്‍ക്കിടയില്‍ പരസ്പരബഹുമാനവും സ്നേഹവും വളര്‍ത്തിയിട്ടുണ്ട്. ആഗ്രയില്‍ തുടങ്ങിവച്ച സംഭാഷണം ഇരുവിഭാഗത്തിനും യോജിക്കാവുന്ന തീരുമാനങ്ങള്‍ ഉടനെയോ അല്പം വൈകിയോ ഉണ്ടാക്കിയേക്കുമെന്ന് പാക് പ്രസിഡന്റ് മുഷാറഫ് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുഷാറഫിന്റെ ശുഭാപ്തി വിശ്വാസത്തിന് മൂന്നു കാരണങ്ങളാണുള്ളത്. ഒന്ന് മുഷാറഫും വാജ്പേയിയും തമ്മില്‍ മാനസികമായ ഐക്യം ഉണ്ടായി എന്നതുതന്നെ. രണ്ടാമതായി, ഇരുവര്‍ക്കും അവരുടെ കാഴ്ചപ്പാട് വാക്കുകളിലാക്കാന്‍ കഴിഞ്ഞു. മൂന്നാമത്, ഭാവിയിലെ സംഭാഷണങ്ങള്‍ക്കുള്ള അടിത്തറയായിരിക്കും ആഗ്രയെന്ന് ഇരുപക്ഷവും അംഗീകരിച്ചു.
ഉച്ചകോടി തലത്തിലുണ്ടായ കൂടിക്കാഴ്ചകളിലൂടെ ഗണ്യമായ പുരോഗതിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ച അവസാനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications