Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ചിത്രയെ മരണം വിളിച്ചു

കിളിമാനൂര്‍: എയ്ഡ്സ് രോഗത്തിന്റെ പേരില്‍ സമൂഹത്തിന്റെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായ ചിത്രയെ ഒടുവില്‍ മരണം വിളിച്ചു. കേരളത്തില്‍ പുറംലോകമറിഞ്ഞ ആദ്യത്തെ എയ്ഡ്സ് രോഗിയാണ് കിളിമാനൂര്‍ സ്വദേശിനി ചിത്ര.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കലശലായ രോഗബാധയെത്തുടര്‍ന്ന് കൊല്ലം പാരിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിത്ര ജൂലായ് 18 ചൊവാഴ്ച വൈകുന്നേരമാണ് മരിച്ചത്. മൃതദേഹം ചിത്രയുടെ രണ്ടാം ഭര്‍ത്താവായ അനില്‍കുമാറിന്റെ സുഹൃത്തിന്റെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

ആദ്യ ഭര്‍ത്താവില്‍ നിന്നാണ് ചിത്രയ്ക്ക് എയ്ഡ്സ് ബാധയുണ്ടായതെന്ന് പറയുന്നു. മുംബൈയില്‍ ജോലിക്കാരനായ സോമനെ 1990ല്‍ ആണ് ചിത്ര വിവാഹം കഴിച്ചത്. എയ്ഡ്സ് ബാധിതനായ സോമനില്‍ നിന്നാണ് ചിത്രയ്ക്കും എയ്ഡ്സ് ബാധിച്ചതെന്ന് കരുതുന്നു. ഈ വിവാഹത്തില്‍ ചിത്രയ്ക്ക് ഒരു പെണ്‍കുട്ടി പിറന്നു- പ്രിയങ്ക. വിവാഹം കഴിഞ്ഞ് അധികം വൈകുന്നതിനു മുന്‍പേ സോമന്‍ മരിച്ചു.

1992 മാര്‍ച്ചില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടതുമുതലാണ് ചിത്രയുടെ ദുരിതപര്‍വം തുടങ്ങുന്നത്. മെഡിക്കല്‍ കോളേജില്‍ രക്തപരിശോധനയെത്തുടര്‍ന്നാണ് ചിത്രയ്ക്ക് എയ്ഡ്സ് ബാധയുണ്ടെന്ന് തെളിഞ്ഞത്. മെഡിക്കല്‍ കോളേജിലെ ചികിത്സകഴിഞ്ഞ് ചിത്രയും മകള്‍ പ്രിയങ്കയും കക്കാക്കുന്നിലുള്ള സഹോദരിയുടെ വീട്ടിലെത്തിയപ്പോഴേക്കും ചിത്രയ്ക്ക് എയ്ഡ്സുള്ള വിവരം ലോകം അറിഞ്ഞിരുന്നു. പിന്നീട് ബന്ധുക്കളും നാട്ടുകാരും ചിത്രയെയും മകളേയും പീഡിപ്പിക്കാന്‍ തുടങ്ങി.

മകള്‍ക്ക് സ്കൂളില്‍ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നു. ചിത്രയുടെ ദുരന്തകഥ പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞ് വിദേശമലയാളികള്‍ ലക്ഷക്കണക്കിന് രൂപ സഹായമായി നല്കി. ഇതിനിടെ അയല്‍വാസിയായ അനില്‍കുമാര്‍ ചിത്രയെ വിവാഹം കഴിക്കാന്‍ സന്നദ്ധനായി മുന്നോട്ട് വന്നു. എയ്ഡ്സിന് മറുമരുന്നു കണ്ടെത്തി എന്നവകാശപ്പെട്ട ഡോ. അബ്ദുള്‍ മജീദിന്റെ ചികിത്സയെത്തുടര്‍ന്ന് ചിത്രയുടെ രോഗം ഭേദമായെന്ന് ഡോക്ടര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. അനില്‍കുമാറുമായുള്ള വിവാഹത്തില്‍ ചിത്രയ്ക്ക് ഒരു മകന്‍ ജനിച്ചു- ധീരജ്.

ചിത്രയുടെ രോഗബാധയെക്കുറിച്ച് ഒടുവില്‍ ചികിത്സിച്ച ആശുപത്രിഅധികൃതര്‍ ഒന്നും പറയാന്‍ തയ്യാറല്ല. ചിത്രയ്ക്ക് മരിക്കുന്ന സമയത്ത് എയ്ഡ്സ് ബാധയുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യം ദുരൂഹമായി തുടരുന്നു. ഇനി അക്കാര്യം തെളിയിക്കാന്‍ കഴിയാത്ത ഒരു ലോകത്തേക്ക് ചിത്ര യാത്രയായിക്കഴിഞ്ഞു. ചിത്രയുടെ മക്കളായ ധീരജിനും പ്രിയങ്കയ്ക്കും സമൂഹം മാപ്പുകൊടുക്കുമോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+