കേന്ദ്രസഹായം കിട്ടാന്‍ ശ്രമിച്ചില്ലെന്ന് ആരോപണം
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ വന്‍നാശങ്ങള്‍ നേരിടേണ്ടിവന്ന കേരളം കേന്ദ്രത്തില്‍ നിന്ന് മതിയായ സഹായം നേടുന്നതില്‍ പരാജയപ്പെട്ടെന്ന് നിയമസഭയില്‍ ആരോപണമുയര്‍ന്നു.
കാലവര്‍ഷക്കെടുതിയില്‍ ഒറീസ 100 കോടി രൂപയുടെ ദുരിതാശ്വാസം നേടിയെടുത്തപ്പോള്‍ കേരളം ഇക്കാര്യത്തില്‍ പരാജയപ്പെടുകയായിരുന്നുവെന്ന് സിപിഐയിലെ കെ.പി.രാജേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് കേന്ദ്രത്തെ ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. സഹായത്തിനായി കേരളം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി മഹാജന്‍ പറഞ്ഞതായി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിനുണ്ടായ നാശനഷ്ടങ്ങളെ പറ്റി കേന്ദ്രത്തെ ധരിപ്പിക്കാന്‍ റവന്യൂ മന്ത്രി കെ.എം.മാണിയെ ദില്ലിയിലേക്ക് അയക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടും അതുണ്ടായില്ല. നാല് സംസ്ഥാന മന്ത്രിമാര്‍ ഈയാഴ്ച ദില്ലയില്‍ പോയിട്ടും ഇക്കാര്യം കേന്ദ്രത്തെ ധരിപ്പിക്കുകയുണ്ടായില്ല.
പ്രളയക്കെടുതി ആദ്യമുണ്ടായ സംസ്ഥാനമായതു കൊണ്ടാണ് കേന്ദ്രം ഒറീസക്ക് ആദ്യം സഹായം അനുവദിച്ചതെന്ന് മറുപടി നല്കികൊണ്ട് മന്ത്രി കെ.എം.മാണി പറഞ്ഞു. സംസ്ഥാനത്ത് പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് പൂര്‍ണമായും കിട്ടിയിട്ടില്ലാത്തതുകൊണ്ടാണ് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാന്‍ വൈകുന്നത്. പൊങ്ങിയ വെള്ളം പല സ്ഥലങ്ങളിലും താണിട്ടില്ല. വെള്ളം താണാല്‍ മാത്രമേ നാശനഷ്ടത്തിന്റെ പൂര്‍ണായ കണക്കെടുക്കാനാവൂ.
ജൂലായ് 14ന് കേന്ദ്രമന്ത്രി നിതീഷ്കുമാര്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതിയെ പറ്റി ധരിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ നിവേദനം ലഭിച്ച ശേഷം കെടുതികള്‍ കണക്കാക്കാന്‍ ഒരു സംഘത്തെ അയക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുതന്നിരുന്നു. നിവേദനം സമര്‍പ്പിക്കാനും ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്താനും അടുത്തു തന്നെ താന്‍ ദില്ലിയിലേക്ക് പോകുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications