ഓര്‍മ മാത്രമാവുന്ന കൊയിലാണ്ടി ഹുക്ക
കൊയിലാണ്ടി: കൊയിലാണ്ടി ഹുക്കയുടെ പ്രതാപകാലം അതിന്റെ നിര്‍മാതാക്കളില്‍ ഇന്ന് ഓര്‍മ മാത്രം. ഒരു കാലത്ത് അറേബ്യന്‍ ഹുക്കയേക്കാള്‍ കീര്‍ത്തി കേട്ടിരുന്ന കൊയിലാണ്ടി ഹുക്ക വ്യാവസായികമായി പ്രതിസന്ധിയിലാണ്.
ഗള്‍ഫ് നാടുകളിലെ വലിക്കാര്‍ക്ക് ഒരു കാലത്ത് കൊയിലാണ്ടി ഹുക്കയെന്ന് കേട്ടാലേ ലഹരിയായിരുന്നു. ചൈനയില്‍ നിന്നോ ഈജിപ്തില്‍ നിന്നോയെത്തുന്ന ഹുക്കയ്ക്ക് കൊയിലാണ്ടി ഹുക്കയുടെ ഗുണമേന്മയെ അതിജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് അതെല്ലാം പഴങ്കഥയായി തീര്‍ന്നിരിക്കുന്നു.
പരമ്പരാഗതമായി ഹുക്ക വ്യവസായത്തിലേര്‍പ്പെട്ടിരുന്നവരില്‍ മിക്കവരും മറ്റ് തൊഴിലുകളിലേക്ക് കൂട് മാറിക്കഴിഞ്ഞു. വ്യവസായം തകര്‍ന്നതോടെ അവര്‍ക്ക് മറ്റ് നിര്‍വാഹമില്ലായിരുന്നു. ഇന്ന് വളരെ വിരളമായി ഓര്‍ഡര്‍ ലഭിക്കുമ്പോള്‍ മാത്രമേ ഹുക്കയുണ്ടാക്കുന്നുള്ളൂ.
ഹുക്കയുണ്ടാക്കാന്‍ ആവശ്യമായ സാമഗ്രികളുടെ വിലക്കൂടുതലും കയറ്റുമതിക്കായുള്ള ഇടനിലക്കാര്‍ വന്‍തുക ഈടാക്കുന്നതുമാണ് ഹുക്ക വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. ഒരു കാലത്ത് കൊയിലാണ്ടി ഹുക്കയോളം പേരില്ലാതിരുന്ന ചീന ഹുക്കയും ഈജിപ്ത് ഹുക്കയുമാണ് ഇപ്പോള്‍ വിലക്കുറവിന്റെ മേന്മയില്‍ ഗള്‍ഫ് നാടുകളിലെ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.
ശോഷിച്ചുകഴിഞ്ഞ ഹുക്കാ വ്യവസായം ഇപ്പോള്‍ തുടരുന്നത് പേരാമ്പ്ര, കുന്നൂര്‍, മുക്കം എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ ചില പ്രദേശങ്ങളിലുമാണ്. ഇവിടെയുള്ള ഹുക്കാ തൊഴിലാളികളും കൊയിലാണ്ടിയിലെ പരമ്പരാഗത ഹുക്കാനിര്‍മാതാക്കളില്‍ നിന്ന് ജോലി പഠിച്ചവരാണ്.












Click it and Unblock the Notifications