കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലിതര്‍പ്പണം: തീര്‍ത്ഥഘട്ടങ്ങള്‍ ഒരുങ്ങി

  • By Staff
Google Oneindia Malayalam News

ആലുവ: പിതൃക്കളുടെ ആത്മാക്കള്‍ക്ക് മോക്ഷംനല്കാന്‍ പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തുന്ന കര്‍ക്കിടക്കത്തിലെ കറുത്തവാവെത്തി. കര്‍ക്കടക മാസത്തിലെ കറുത്തവാവു ദിനമായ ജൂലായ് 20 വെള്ളിയാഴ്ച കേരളത്തിലെ പ്രധാന തീര്‍ത്ഥഘട്ടങ്ങളില്‍ പതിനായിരങ്ങള്‍ ബലിയിടാനെത്തും. ഈ ദിവസം പരേതാത്മാക്കള്‍ക്ക് മോക്ഷം നല്കാന്‍ ഉത്തമമാണെന്നാണ് വിശ്വാസം.

തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുമുഖം, അരുവിക്കര, അരുവിപ്പുറം, വര്‍ക്കല പാപനാശം, കോവളം ആവാടുതുറ, ആലുവ മണപ്പുറം, തിരുനാവായ, വയനാട്ടിലെ തിരുനെല്ലി, തിരുമുല്ലവാരം എന്നിവയാണ് കേരളത്തിലെ പ്രധാന തീര്‍ത്ഥഘട്ടങ്ങള്‍.

പിതൃതര്‍പ്പണത്തിന് വെള്ളിയാഴ്ച ആയിരങ്ങള്‍ ആലുവയിലെ ശിവരാത്രി മണപ്പുറത്തെത്തും. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായിരുന്നെങ്കിലും വെള്ളമിറങ്ങിയതുമൂലം പിതൃതര്‍പ്പണത്തിനുള്ള തടസ്സം നീങ്ങി. പുലര്‍ച്ചെ അഞ്ചുമണിക്ക് ക്ഷേത്രം മേല്‍ശാന്തി മുല്ലശ്ശേരി മനയ്ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ ആരംഭിക്കും. പിതൃനമസ്കാരമാണ് പ്രധാന വഴിപാട്.

പിതൃതര്‍പ്പണത്തിന് നൂറോളം ബലിത്തറകള്‍ മണപ്പുറത്തുണ്ടാകും. ഇക്കുറി ക്ഷേത്രത്തിനോട് ചേര്‍ന്ന് വലിയ പന്തലും ഒരുക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ പ്രധാന ബലിഘട്ടങ്ങളില്‍ പ്രത്യേക ക്രമസമാധാന സുരക്ഷാ ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. ആരോഗ്യസുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വാവുബലിയോടനുബന്ധിച്ച് അരുവിക്കരയില്‍ നാലു ദിവസത്തെ കാര്‍ഷികവ്യവസായ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കളക്ടറേറ്റില്‍ അഡീഷണല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0471-472165 ആണ് ഫോണ്‍ നമ്പര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X