സൈലന്റ് വാലി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കില്ല
തിരുവനന്തപുരം: സൈലന്റ് വാലി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ തുടക്കമിട്ടാല്‍ 20 വര്‍ഷത്തിന് മുന്‍പ് പദ്ധതിക്കായി മുന്‍കൈയെടുത്തവര്‍ കണ്ട അതേ പ്രതിഷേധം വീണ്ടും നേരിടേണ്ടിവരുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു..
20 വര്‍ഷത്തിന് മുന്‍പ് നടന്ന സമരത്തിന് മുന്നില്‍ പ്രവര്‍ത്തിച്ച സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ശാസ്ത്രസാഹിത്യ പരിഷത്തും ഒരേശബ്ദത്തിലാണ് ഇപ്പോഴും ഇത് പറയുന്നത്. സൈലന്റ് വാലി പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്റെ പ്രസ്ഥാവനയോടാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്.
പ്രസ്താവന അറിവില്ലായ്മ കൊണ്ട്- സുഗതകുമാരി
സൈലന്റ് വാലി പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്. സൈലന്റ് വാലിയെ വേള്‍ഡ് ഹെറിറ്റേജ് ആയി പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് എങ്ങനെ അവിടെ ജലവൈദ്യുത പദ്ധതി തുടങ്ങാനാകും ? സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്കെതിരായി മുന്‍നിരയില്‍ തന്നെയുണ്ടായിരുന്ന സുഗതകുമാരി ചോദിക്കുന്നു.
ഞങ്ങള്‍ ഒരിക്കലും ഇത് അനുവദിക്കാന്‍ പോകുന്നില്ല. താഴ്വരയിലെ ഒരില പോലും നുള്ളാന്‍ കഴിയുമെന്ന് കരുതേണ്ട. ഇതിനെതിരെ ഏത് കോടതി വരെ പോകാനും തയാറാണ്. സൈലന്റ് വാലി സംരക്ഷിക്കുന്നതിനായി ജീവിതാവസാനം വരെ പൊരുതും-കടവൂര്‍ ശിവദാസന്റെ പ്രസ്താവനയോട് സുഗതകുമാരി രോഷത്തോടെയാണ് പ്രതികരിച്ചത്.
ചാരിത്യ്രം നഷ്ടമാകാതെ മാനഭംഗമോ - വിഷ്ണുനാരായണന്‍ നമ്പൂതിരി
വനനശീകരണമുണ്ടാകാതെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറയുന്നത് ചാരിത്യ്രം നഷ്ടമാകാതെ മാനഭംഗപ്പെടുത്താം എന്ന് പറയുന്നത് പോലെയാണെന്ന് കവി വിഷ്ണുനാരായണന്‍ നമ്പൂതിരി.
സൈലന്റ് വാലി ജലവൈദ്യുതി പദ്ധതി നടപ്പാക്കാന്‍ പോകുന്നതിനെ ഭ്രാന്ത് പിടിച്ച് ആത്മഹത്യ ചെയ്യുക എന്ന വാക്കില്‍ ഞാന്‍ ഒതുക്കുന്നു. ഈ കൂട്ട ആത്മഹത്യയില്‍ നിന്നും രക്ഷ തരണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ വഴിയില്ല- പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ അനുഭവങ്ങള്‍ ഇപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ തുനിയുന്നവര്‍ക്കും ഉണ്ടാകും. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഉരുള്‍പൊട്ടലില്‍ നിന്നുപോലും ഇവരൊന്നും ഒന്നും പഠിച്ചിട്ടില്ല. - അദ്ദേഹം പറഞ്ഞു.
മരണത്തിന് ഒരുങ്ങിയെങ്കില്‍ പദ്ധതി ആവാം -കെ. വി. സുരേന്ദ്രനാഥ്
കേരളത്തില്‍ അവശേഷിക്കുന്ന ഒരു പച്ചതുരുത്താണ് സൈലന്റ് വാലി. പ്രകൃതിക്ഷോഭം മൂലമുള്ള മരണത്തിന് ഒരുങ്ങിക്കഴിഞ്ഞുവെങ്കില്‍ സൈലന്റ് വാലി ജലവൈദ്യുതി പദ്ധതിക്ക് അനുമതി നല്‍കാം- പരിസ്ഥിതി പ്രവര്‍ത്തകനും മുന്‍ എംപിയുമായ കെ. വി. സുരേന്ദ്രനാഥ് പറയുന്നു.
എന്നാല്‍ പദ്ധതി നടപ്പാകാന്‍ പോകില്ലെന്ന് സുരേന്ദ്രനാഥ് തറപ്പിച്ചുപറയുന്നു. ഇന്ദിരാഗാന്ധിയുടെ ഇച്ഛാശക്തിയെ പോലും തോല്‍പ്പിച്ചവരാണ് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍. എന്തുവിലകൊടുത്തും സൈലന്റ് വാലിയെ അവര്‍ സംരക്ഷിക്കും, പല്ലും നഖവും ഉപയോഗിച്ച് പദ്ധതിയെ അവര്‍ എതിര്‍ക്കും-പ്രത്യാശയോടെ സുരേന്ദ്രനാഥ് പറഞ്ഞു.
സമരപരിപാടികള്‍ തുടങ്ങും - പരിഷത്ത്
സൈലന്റ്വാലി പദ്ധതി നടപ്പാക്കാന്‍ തുനിയുകയാണെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് വൃത്തങ്ങള്‍ അറിയിച്ചു. അവശേഷിക്കുന്ന കാട് സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പരിഷത്ത് വ്യക്തമാക്കി.












Click it and Unblock the Notifications