കശ്മീരിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല
ദില്ലി: കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. ആഗ്ര ഉച്ചകോടിയെ വിലയിരുത്താന്‍ ജൂലായ് 19 വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു വാജ്പേയി.
പാകിസ്ഥാന്‍ പ്രസിഡന്റ് മുഷാറഫുമായുള്ള ചര്‍ച്ചയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന്റെ കാര്യത്തിലും കശ്മീരിന്റെ കാര്യത്തിലും താന്‍ വിട്ടുവീഴ്ച ചെയ്തില്ലെന്ന് വാജ്പേയി പറഞ്ഞു . കശ്മീരിലെ ജനങ്ങളെക്കൂടി ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന് മുഷാറഫ് ആവശ്യപ്പെട്ടു. പക്ഷെ കശ്മീര്‍ പ്രശ്നത്തില്‍ ഒരു മൂന്നാമന്റെ ആവശ്യമില്ലെന്ന തന്റെ നിലപാടില്‍ താന്‍ ഉറച്ചുനിന്നുവെന്നും വാജ്പേയി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ 20 മിനിറ്റ് നേരം സംസാരിച്ച വാജ്പേയി കശ്മീരിന്റെ കാര്യത്തിലും അതിര്‍ത്തികടന്നുള്ള തീവ്രവാദത്തെക്കുറിച്ചുമുള്ള സര്‍ക്കാരിന്റെ നിലപാട് വിശദീകരിച്ചു. ആഗ്ര ഉച്ചകോടിയില്‍ ചര്‍ച്ചാവിഷയമാക്കാന്‍ വാജ്പേയി ഒരു അജണ്ട തയ്യാറാക്കിയിരുന്നുവെന്നും എന്നാല്‍ ആ അജണ്ടയോട് പാകിസ്ഥാന്‍ പ്രതികൂലമായി പ്രതികരിക്കുകയായിരുന്നുവെന്ന് സര്‍വകക്ഷിയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രമോദ് മഹാജന്‍ വ്യക്തമാക്കി.
കശ്മീര്‍ പ്രശ്നത്തില്‍ മുഷാറഫ് ഉറച്ചുനിന്നതുകൊണ്ടാണ് ആഗ്രയില്‍ ഒരു സംയുക്തപ്രസ്താവന സാധ്യമാകാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗ്ര ഉച്ചകോടിയിലൂടെ കശ്മീര്‍ പ്രശ്നത്തെ അന്താരാഷ്ട്രവല്ക്കരിക്കാനായിരുന്നു മുഷാറഫിന്റെ ലക്ഷ്യമെന്നും മഹാജന്‍ പറഞ്ഞു.












Click it and Unblock the Notifications