മറ്റൊന്നും കശ്മീരിനേക്കാള്‍ പ്രധാനമല്ല: മുഷാറഫ്
ഇസ്ലാമബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രധാനപ്രശ്നം കശ്മീരാണെന്നും മറ്റൊരു പ്രശ്നവും കശ്മീരിനേക്കാള്‍ പ്രധാനമല്ലെന്നും പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ആവര്‍ത്തിച്ചു.
കശ്മീരില്‍ നടക്കുന്നത് സ്വാതന്ത്യ്രസമരം തന്നെയാണ്. അതിര്‍ത്തിക്കപ്പുറത്തിനിന്നുള്ള ഭീകരവാദ പ്രവര്‍ത്തനമാണ് അവിടെ നടക്കുന്നതെന്ന് പാക്കിസ്ഥാന്‍ കരുതുന്നില്ല. മുഷാറഫ് പറഞ്ഞു. ഇസ്ലാമബാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഷാറഫ്.
കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ സമാധാനമുണ്ടാക്കാനാവില്ല. സിംല കരാറിലും ലാഹോര്‍ പ്രഖ്യാപനത്തിലും കശ്മീരാണ് പ്രധാനപ്രശ്നമെന്ന കാര്യം അവഗണിക്കുകയായിരുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാവുന്നില്ലെങ്കില്‍ മൂന്നാം പാര്‍ട്ടിയെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നതിനെ പാക്കിസ്ഥാന്‍ സ്വാഗതം ചെയ്യുന്നു. ഇരുരാജ്യങ്ങളും ന്യൂക്ലിയാര്‍ ശക്തികളായിരിക്കെ യുദ്ധം ഒരു പരിഹാരമല്ലെന്നും മുഷാറഫ് പറഞ്ഞു.
ശൂന്യമായ കൈകളുമായാണ് ആഗ്ര ഉച്ചകോടിക്കു ശേഷം ഞാന്‍ മടങ്ങിയത്. പക്ഷേ ഞാന്‍ നിരാശനല്ല. ചര്‍ച്ച തുടരാന്‍ പാക്കിസ്ഥാന്‍ ഇനിയും മുന്‍കൈയെടുക്കും മുഷാറഫ് വ്യക്തമാക്കി. ആഗ്രപ്രഖ്യാപനം ഉണ്ടാവാതെ പോയത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications