വിമാനത്താവളത്തില്‍ കള്ളപ്പണസംഘങ്ങള്‍ സജീവം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കള്ളപ്പണം പലിശയ്ക്ക് നല്‍കുന്ന റാക്കറ്റുകള്‍ സജീവം.
വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന വിദേശമലയാളികള്‍ക്ക് കൊള്ളപ്പലിശയ്ക്ക് പണം കടം നല്‍കുന്നതാണ് ഇവരുടെ രീതി. അക്രമിസംഘങ്ങളെ ഉപയോഗിച്ച് മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും പണം തിരികെ വാങ്ങുന്നതും ഇവരുടെ രീതിയാണ്.
വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ കസ്റംസ് ക്ലിയറന്‍സിനും മറ്റുമായി വന്‍ തുക കൊടുക്കാനില്ലാതെ വരുന്നവരാണ് ഇവരുടെ പ്രധാന ഇര. ഗള്‍ഫ് നാടുകളില്‍ നിന്നും ജോലി ഉപേക്ഷിച്ചു വരുന്നവരായിരിക്കും ഇങ്ങനെയുള്ളവര്‍. ഇവര്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ പണവുമായി ഏജന്റുമാര്‍ ഇവരെ സമീപിക്കുന്നു.
പണം നല്‍കുമെന്ന് മാത്രമല്ല കസ്റംസ് സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ഏജന്റുമാര്‍ പരിഹരിച്ചുകൊടുക്കും. കടം നല്‍കുന്ന തുകയ്ക്ക് 100 രൂപയ്ക്ക് ഒരു ദിവസം10 രൂപ മുതല്‍ 30 രൂപ വരെയാണ് പലിശനിരക്ക്. പലപ്പോഴും ലക്ഷങ്ങളായിരിക്കും കസ്റംസ് ക്ലിയറന്‍സിനായി നല്‍കേണ്ടി വരിക. ഒരു ലക്ഷം രൂപ കടം വാങ്ങിയാല്‍ 24 മണിക്കൂറിനകം തിരികെ നല്‍കുമ്പോള്‍ 10, 000 രൂപ മുതല്‍ 30, 000 രൂപ വരെ അധികം നല്‍കേണ്ടി വരും.
24 മണിക്കൂര്‍ കഴിഞ്ഞാല്‍ പലിശനിരക്ക് കുത്തനെ ഉയരും. ഇങ്ങനെ മണിക്കൂറുകള്‍ കഴിയുംതോറും പലിശനിരക്ക് ഓട്ടോറിക്ഷ മീറ്ററില്‍ കാണുന്നതുപോലെ ഉയരുന്നതിനാല്‍ ഇത് മീറ്റര്‍ പലിശ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒറ്റയടിക്ക് 25 ലക്ഷം രൂപ വരെ മറിക്കാന്‍ കഴിവുള്ള ഏജന്റുമാര്‍ വിമാനത്താവളത്തിലുണ്ടത്രെ.
വിമാനത്താവളത്തിലെ കസ്റംസ് പൊലീസ് അധികൃതര്‍ക്കും ഇത്തരം പണമിടപാട് സംഘങ്ങളുമായി ബന്ധമുണ്ട്. ഇവരുടെ ഒത്താശയോടെയാണ് എല്ലാം നഷ്ടപ്പെട്ട് വരുന്ന ഗള്‍ഫ് മലയാളികളെ ഏജന്റുമാര്‍ വലയിലാക്കുന്നത്. കണക്കില്‍പെടാതെ സമ്പാദിക്കുന്ന തുകകള്‍ ഈ ഉദ്യോഗസ്ഥര്‍ ഏജന്റുമാരെയാണ് ഏല്‍പ്പിക്കുന്നത്. നിശ്ചിത കാലാവധി കഴിയുമ്പോള്‍ ഭീമമായ പലിശയോടെ ഈ തുക ഉദ്യോഗസ്ഥര്‍ക്ക് തിരികെ ലഭിക്കുകയും ചെയ്യുന്നു.
ഇതിനും പുറമെയാണ് ഇവിടെ നടക്കുന്ന അനധികൃത വിദേശനാണയവിനിമയം. വിമാനത്താവളത്തില്‍ കാശുമായി വന്നിറങ്ങുന്നവരെ ഏജന്റുമാര്‍ നോട്ടമിടുന്നു. ഡോളറിനും റിയാലിനുമെല്ലാം നിലവിലുള്ള വിലയെക്കാള്‍ വളരെ കൂടുതല്‍ ഏജന്റുമാര്‍ വാഗ്ദാനം ചെയ്യും. തുക അപ്പോള്‍ തന്നെ നല്‍കുകയും ചെയ്യും. എന്നാല്‍ നല്‍കുന്ന നോട്ടുകളില്‍ പകുതിയിലധികവും കള്ളനോട്ടുകളായിരിക്കും.












Click it and Unblock the Notifications