സൈലന്റ്വാലി: കടമ്പകള്‍ ഒട്ടേറെ
കൊച്ചി: സൈലന്റ്വാലി പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെ. സൈലന്റ്വാലിക്ക് പകരം നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് മുന്നോട്ടുവെച്ച പൂയംകുട്ടി, കരിയാര്‍പ്പാറ-കാരപ്പാറ പദ്ധതികള്‍ക്ക് ഇതേ വരെ അനുമതി നേടാനാവാഞ്ഞ സംസ്ഥാന സര്‍ക്കാരിന് സൈെലന്റ്വാലി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ അതിലേറെ കടമ്പകളെയാണ് നേരിടേണ്ടത്.
കേന്ദ്രപരിസ്ഥിതി വകുപ്പ് കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച നിര്‍ദേശമാണ് സൈലന്റ് വാലി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് ഏറ്റവും വലിയ തടസം സൃഷ്ടിക്കുന്നത്. ജൈവവൈവിധ്യ മേഖലയായി കേന്ദ്രം അംഗീകരിച്ചിട്ടുള്ള പ്രദേശങ്ങളിലും വന്യജീവി സംരക്ഷണ പ്രദേശങ്ങളിലും ഏതെങ്കിലും പദ്ധതി നടപ്പിലാക്കണമെങ്കില്‍ അതിന് സുപ്രിം കോടതിയുടെയും ഇന്ത്യന്‍ ബോര്‍ഡ് ഒഫ് വൈല്‍ഡ് ലൈഫിന്റെയും അനുമതി തേടണം എന്നാണ് പരിസ്ഥിതി വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്.
ജൈവവൈവിധ്യമേഖലകളില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന എട്ട് പദ്ധതികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഇവയ്ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
പാരിസ്ഥിതിക കാരണങ്ങളാല്‍ മരവിപ്പിക്കപ്പെട്ട സൈലന്റ് വാലി പദ്ധതി 20 വര്‍ഷത്തിനു ശേഷം പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായ കടമ്പകളാണ് മുന്നിലുള്ളതെന്നാണ് ഇത് വ്യക്തമാക്കുന്നത്. ജൈവവൈവിധ്യമേഖലയായ സൈലന്റ്വാലിയില്‍ പദ്ധതി നടപ്പിലാക്കാന്‍ അനുമതി ലഭിക്കുക ഇപ്പോഴത്തെ സാഹചര്യത്തില്‍ ദുസ്സാധ്യമാണ്.
പൂയംകുട്ടി, കാരപ്പാറ പദ്ധതികള്‍ തന്നെ ഇപ്പോള്‍ പരിസ്ഥിതി നിയമങ്ങളുടെ കുരുക്കില്‍ പെട്ട് കിടക്കുകയാണ്. രണ്ട് പദ്ധതികള്‍ക്കും കേന്ദ്രം രണ്ട് തവണ അനുമതി നിഷേധിച്ചിരുന്നു.












Click it and Unblock the Notifications