'ഉച്ചകോടി: പാക്കിസ്ഥാന്റെ കടുംപിടുത്തം പരാജയകാരണം'
ദില്ലി: പാക്കിസ്ഥാന്റെ കടുംപിടുത്തം മൂലമാണ് ആഗ്ര ഉച്ചകോടി പരാജയപ്പെട്ടതെന്ന് പ്രധാനമന്ത്രി വാജ്പേയി. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദത്തെ കുറിച്ച് സംയുക്തപ്രഖ്യാപനത്തില്‍ പരാമര്‍ശിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാവാഞ്ഞതിനെ തുടര്‍ന്നാണ് ആഗ്രാ പ്രഖ്യാപനം ഉണ്ടാവാതെ പോയതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രക്യാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റ അജിത്സിംഗിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനു ശേഷം ജൂലായ് 22 ഞായറാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു വാജ്പേയി. ആഗ്ര ഉച്ചകോടി സമാപിച്ചതിനു ശേഷം ആദ്യമായാണ് വാജ്പേയി ഉച്ചകോടിയെ പറ്റി പ്രസ്താവന പുറപ്പെടുവിക്കുന്നത്.
കശ്മീരില്‍ നടക്കുന്നത് അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദി പ്രവര്‍ത്തനമല്ലെന്നും സ്വാതന്ത്യ്രസമരമാണെന്നുമുള്ള പാക്കിസ്ഥാന്റെ നിലപാടാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായത്. കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതു വരെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സാധാരണഗതിയിലാവില്ലെന്ന പാക്കിസ്ഥാന്റെ കടുംപിടുത്തവും ഉച്ചകോടിയുടെ പരാജയത്തിന് വഴിതെളിച്ചു. വാജ്പേയി പറഞ്ഞു.
ഇരുവിഭാഗങ്ങളും തമ്മില്‍ ചില കാര്യങ്ങളില്‍ ധാരണയുണ്ടായെന്ന് ശരിയാണ്. അതേ സമയം പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുന്നതിന് ഇരുവിഭാഗവും ഏറെക്കുറെ ധാരണയായിരുന്നുവെന്നത് തെറ്റായ പ്രചാരണമാണ്.
കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്തുന്ന പ്രശ്നമില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി വാജ്പേയി പറഞ്ഞു. ഉച്ചകോടി പരാജയപ്പെടുന്നതിന് കാരണമായത് വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗാണെന്ന് ബിജെപിയിലെ ഒരു വിഭാഗം ആരോപണമുയര്‍ത്തിയെന്ന വാര്‍ത്ത തെറ്റാണ്. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ജസ്വന്ത്സിംഗിന് പ്രത്യേക ഉത്തരവാദിത്തമുണ്ടെങ്കിലും എല്ലാം ചെയ്തത് കൂട്ടുത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലാണ്.












Click it and Unblock the Notifications