'പറമ്പിക്കുളം: നിയമനടപടികള്‍ സ്വീകരിക്കും'
തിരുവനന്തപുരം: പറമ്പിക്കുളം-അലിയാര്‍ ഡാമുകളിലെ വെള്ളം പങ്കുവെക്കുന്നതു സംബന്ധിച്ച കരാര്‍ തമിഴ്നാട് ലംഘിക്കുന്നതിനെതിരെ ആര്‍ബിട്രേഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജലസേചനമന്ത്രി ടി.എം.ജേക്കബ് നിയമസഭയെ അറിയിച്ചു.
അതേ സമയം മറ്റ് കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.കെ. ചന്ദ്രന്റെ (കോണ്‍ഗ്രസ്-ഐ) സബ്മിഷന് ജൂലായ് 23 തിങ്കളാഴ്ച മറുപടി പറയുകയായിരുന്നു മന്ത്രി.
കരാറിലെ ചില വ്യവസ്ഥകള്‍ തമിഴ്നാട് ലംഘിച്ചുവരികയാണ്. കേരളം അവകാശമുന്നയിച്ച ഭൂമിയും കെട്ടിടങ്ങളും വിട്ടുതരാന്‍ തമിഴ്നാട് തയ്യാറായിട്ടില്ല. കരാറില്‍ നിര്‍ദേശിക്കുന്നതു പ്രകാരം ഷോളയാര്‍ റിസര്‍വോയറിലെ വെള്ളത്തിന്റെ പരിധി നിലനിര്‍ത്താനും തമിഴ്നാട് വിസമ്മതിക്കുകയാണ്. കൂടാതെ കേരളത്തിന്റെ അനുവാദം കൂടാടെ അലിയാര്‍-തിരുമൂര്‍ത്തി ഡാമുകള്‍ക്കടുത്ത് മിനി ഹൈഡല്‍ പദ്ധതികള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു. കൊണ്ടൂര്‍ കനാലില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും കേരളത്തിന്റെ അനുവാദം കൂടാതെയാണ്.
ഇവയൊക്കെ തമിഴ്നാട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ശരിയായ നിലയിലാണ് ഇതൊക്ക ചെയ്യുന്നതെന്നാണ് അവരുടെ നിലപാടെന്ന് ജേക്കബ് പറഞ്ഞു.
1970 സപ്തംബര്‍ 25നാണ് പറമ്പിക്കുളം-അലിയാര്‍ കരാര്‍ തമിഴ്നാടുമായി ഒപ്പുവച്ചത്. ഈ കരാര്‍ പുതുക്കാന്‍ കരാറില്‍ വ്യവസ്ഥകളൊന്നുമില്ല. പക്ഷെ 30 വര്‍ഷത്തിലൊരിയ്ക്കല്‍ പുതുക്കാമെന്ന് ഒരു വ്യവസ്ഥനിലനില്ക്കുന്നുണ്ട്. - ജേക്കബ് പറഞ്ഞു.
1998ലും 2000ലും ഇരുസംസ്ഥാനങ്ങളും തമ്മില്‍ ഇരുസംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന നദികളെ കുറിച്ച് നിലനില്‍ക്കുന്ന തര്‍ക്കത്തെ പറ്റി മന്ത്രിതല ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ അപ്പോഴൊന്നും പറമ്പിക്കുളം അലിയാര്‍ പ്രശ്നം കുറിച്ച് ചര്‍ച്ച നടന്നില്ല. മുല്ലപ്പെരിയാര്‍ പ്രശ്നം മാത്രമായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ടത്.- ജേക്കബ് വ്യക്തമാക്കി.












Click it and Unblock the Notifications