അയ്യപ്പസന്നിധിയില്‍ നിറപുത്തരി ആഘോഷം
പത്തനംതിട്ട: കൊയ്ത്തുത്സവത്തിന്റെ ഭാഗമായി ശബരിമല അയ്യപ്പസന്നിധിയില്‍ നിറപുത്തരി ആഘോഷം നടത്തി. രണ്ടു ദിവസമായി സന്നിധാനത്ത് തമ്പടിച്ച ഒട്ടേറെ അയ്യപ്പഭക്തര്‍ ആഘോഷത്തില്‍ പങ്കെടുത്തു.
ജൂലായ് 23 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് ഗണപതി ഹോമത്തോടു കൂടിയാണ് നട തുറന്നത്. തുടര്‍ന്ന് നിറപുത്തരിയും നെയ്യഭിഷേകവും നടന്നു. നിറപുത്തരിയുമായി ബന്ധപ്പെട്ട പ്രത്യേക പൂജകളായ ലക്ഷാര്‍ച്ചന, ഉദയാസ്തമയപൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നിവ രാവിലെ 6.15നും 6.44നും ഇടയില്‍ പൂര്‍ത്തിയായി.
കുട്ടനാട്, പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നെല്‍ക്കതിരുമായി സന്നിധാനത്തെത്തിയിരുന്നു. കൊടിമരത്തിനു താഴെവച്ച നെല്‍ക്കതിരുകളില്‍ തന്ത്രി കണ്ഠര് രാജീവര് വിശുദ്ധജലം തളിച്ചു. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് നെല്‍ക്കതിരുകള്‍ തലയിലേന്തി ശ്രീകോവിലിനെ വലം വക്കുകയും ശ്രീകോവിലിനുള്ളില്‍ കടന്ന് അവ അയ്യപ്പന് നിവേദിക്കുകയും ചെയ്തു.
കര്‍ഷകര്‍ക്ക് പ്രസാദം നല്‍കിയതിനു ശേഷം രാവിലെ 9.30ന് നടന്ന അത്താഴ പൂജയോടെ നട അടച്ചു.












Click it and Unblock the Notifications