ഇന്തോനേഷ്യയില്‍ അടിയന്തരാവസ്ഥ
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ വാഹിദ് ജൂലായ് 23 തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിയമസഭ പിരിച്ചുവിട്ടതായും ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. .
വാഹിദിനെ ഇംപീച്ച് ചെയ്യുന്നതു സംബന്ധിച്ച് കോടതി വാദം കേള്‍ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ വാഹിദിന്റെ ഈ പ്രഖ്യാപനം സൈന്യം എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന വാഹിദിന്റെ പ്രഖ്യാപനത്തിന് എത്ര മാത്രം പിന്തുണ ലഭിക്കുമെന്നറിയില്ലെന്നും ഒരു മുതിര്‍ന്ന സൈനികവക്താവ് അഭിപ്രായപ്പെട്ടു.
ഇന്തോനേഷ്യയെ രക്ഷിക്കാന്‍ അടിയന്തരാവസ്ഥ എന്നൊരു വഴി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നായിരുന്നു വാഹിദിന്റെ വാദം. മാത്രമല്ല, വാഹിദിന്റെ ശത്രുപക്ഷം മുഴുവന്‍ അദ്ദേഹത്തിന്റെ മുഖ്യശത്രുവായ മേഘാവതി സുകര്‍ണോ പുത്രിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിവിശേഷമാണിപ്പോള്‍.
രോഗം ബാധിച്ച, പകുതി കാഴ്ച നശിച്ച വാഹിദിന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ ഒരു സഹായിയാണ് വായിച്ചത്. കനത്ത കാവല്‍ ഏര്‍പ്പെടുത്തിയ പ്രസിഡന്റിന്റെ കൊട്ടാരത്തിലാണ് അദ്ദേഹത്തിന്റെ അടിയന്തരാവസ്ഥാപ്രഖ്യാപനം വായിക്കപ്പെട്ടത്. മുന്‍ പ്രസിഡന്റ് സുഹാര്‍ത്തോവിന്റെ പാര്‍ട്ടിയും ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയുമായ ഗോള്‍കാര്‍ പാര്‍ട്ടിയെ ഈയിടെ വാഹിദ് നിരോധിച്ചിരുന്നു.
2004 വരെ വാഹിദിന് ഭരിക്കാന്‍ അവകാശമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ നടത്തുമെന്നും വാഹിദ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. തനിക്കെതിരെയുള്ള ഇംപീച്ച് മെന്റ് ഒഴിവാക്കാന്‍ വാഹിദ് പൊലീസിനോട് ഉത്തരവിട്ടിരുന്നു. എന്തായാലും പ്രസിഡന്റിന്റെ കൊട്ടാരത്തിന് ചുറ്റും കനത്ത സുരക്ഷാവലയം തീര്‍ത്തിരിക്കുകയാണ് സൈന്യം.
കഴിഞ്ഞ ഏതാനും മാസങ്ങളായി നേതൃപ്രതിസന്ധി നേരിടുകയാണ് ഇന്തോനേഷ്യ. പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിലുള്ള റോഡില്‍ ടാങ്കുകളുരുളുകയാണ്. 1998ല്‍ സുഹാര്‍ത്തോ അധികാരഭ്രഷ്ടനായപ്പോള്‍ ഉണ്ടായതുപോലെ മറ്റൊരു രക്തരൂക്ഷിത കലാപം ഇന്തോനേഷ്യയില്‍ പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയും ഒരു വശത്ത് നിലനില്ക്കുന്നു.












Click it and Unblock the Notifications