'അതിര്‍ത്തി തീവ്രവാദം ഇന്ത്യക്ക് അവഗണിക്കാനാകില്ല'
ദില്ലി: കശ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദപ്രവര്‍ത്തനം ഇന്ത്യക്ക് അവഗണിക്കാനാവില്ലെന്ന് പാകിസ്ഥാനുമായു ള്ളചര്‍ച്ചക്കിടയില്‍ തന്നെ വ്യക്തമാക്കിയതായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി വെളിപ്പെടുത്തി. ആഗ്ര ഉച്ചകോടിയെക്കുറിച്ച് ജൂലായ് 25 ചൊവാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി.
''ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ സജീവമാണ്. അവരുടെ തോക്കിനിരയാകുന്നതോ നിരപരാധികളായ ജനങ്ങളും. രണ്ടു ദിവസം മുമ്പാണ് അമര്‍നാഥ് യാത്രയ്ക്കുപോയ തീര്‍ത്ഥാടകര്‍ തീവ്രവാദികളുടെ കൊല്ലപ്പെട്ടത്. ഇതിനെ ആര്‍ക്കും സ്വാതന്ത്യ്രസമരമെന്നോ ജിഹാദെന്നോ (വിശുദ്ധയുദ്ധം) വിളിക്കാന്‍ കഴിയില്ല'', വാജ്പേയി ചൂണ്ടിക്കാട്ടി. ''കശ്മീരിലെ ജനങ്ങള്‍ സ്വാതന്ത്യ്രത്തോടും സമാധാനത്തോടും കൂടി കഴിയാനാണ് ആഗ്രഹിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.''
അതിര്‍ത്തി തീവ്രവാദം നടക്കുന്നുണ്ടെന്ന കാര്യം ഉച്ചകോടിക്കിടെ പാകിസ്ഥാന്‍ ഒരിക്കലും സമ്മതിച്ചില്ലെന്ന് വാജ്പേയി പറഞ്ഞു. മുഷാറഫിന്റെ ഈ കടുത്ത നിലപാട് ഉച്ചകോടിയെ പരാജയത്തിലേക്ക് നയിച്ചു. ''അതിര്‍ത്തി തീവ്രവാദത്തെക്കുറിച്ച് ഞാന്‍ മുഷാറഫുമായി ചര്‍ച്ച ചെയ്തു. തീവ്രവാദത്തെ ഏതു വിധേനയും നേരിടാന്‍ ഇന്ത്യക്ക് ശക്തിയുണ്ടെന്ന് മുഷാറഫിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.''
പാകിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള മുഷാറഫിന്റെ ക്ഷണം താന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹും പാകിസ്ഥാന്‍ സന്ദര്‍ശിക്കും. ''കശ്മീര്‍ എന്ന ഒറ്റപ്രശ്നത്തില്‍ തട്ടി നില്‍ക്കേണ്ടതല്ല ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധമെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കും. ഇതിനായി പാകിസ്ഥാനുമായി ഇനിയും ചര്‍ച്ചകള്‍ നടത്തും.''
തീവ്രവാദ പ്രവര്‍ത്തനം നിര്‍ത്തുകയാണെങ്കില്‍ ഓള്‍പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്സഭയില്‍ ഹിന്ദിയിലും രാജ്യസഭയില്‍ ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്.












Click it and Unblock the Notifications