Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോഡ്ഷെഡിംഗിന് കാരണം നായനാരെന്ന് മന്ത്രി

തിരുവനന്തപുരം: ലോഡ്ഷെഡിംഗിന് വൈദ്യുതി മന്ത്രി നായനാര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. നായനാര്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കായംകുളം താപവൈദ്യുതനിലയത്തിന്റെ അറ്റക്കുറ്റപ്പണികള്‍ നിര്‍ത്തിവെച്ചതുകൊണ്ടാണ് ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടിവന്നതെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഒരാഴ്ചയ്ക്കുള്ളില്‍ പിന്‍വലിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി മന്ത്രി പറഞ്ഞു. ബിഎസ്ഇഎസ് ടെര്‍മിനലില്‍ നിന്നും വൈദ്യുതി ലഭിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും ജൂലായ് 24 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. അനിവാര്യമായ അറ്റകുറ്റപ്പണികള്‍ മൂലമാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നതെന്ന് മന്ത്രി വ്യക്തമാക്കി.

നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും ജൂലായ് 23 തിങ്കളാഴ്ച മുതല്‍ കേന്ദ്രപൂളിലെ നെയ്വേലി പദ്ധതിയില്‍ നിന്നും കിട്ടുന്ന വൈദ്യുതിയില്‍ നിന്നും 189 മെഗാവാട്ട് വൈദ്യുതി കുറവ് വന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സംസ്ഥാനത്തെ വിവിധ നിലയങ്ങളിലെ അറ്റകുറ്റപ്പണികള്‍ മൂലം 331 മെഗാവാട്ട് വൈദ്യുതി കുറവ് വരികയും ചെയ്തതായി മന്ത്രി അറിയിച്ചു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നായനാര്‍ സര്‍ക്കാര്‍ കായംകുളം നിലയത്തിന്റെ അറ്റകുറ്റപ്പണി നിര്‍ത്തിവെക്കാന്‍ എന്‍ടിപിസിയോട് നിര്‍ദേശിച്ചത്. നിലയത്തിന് കോടികള്‍ നഷ്ടമുണ്ടാവുമെന്ന് അറിയിച്ചിട്ടും നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്ന് ശിവദാസന്‍ ആരോപിച്ചു.

കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട 198 മെഗാവാട്ട് വൈദ്യുതി കിട്ടാതെ പോയതും ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ കാരണമായെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതചാര്‍ജില്‍ ചെറിയ വര്‍ധനവ് ആവശ്യമായി വരും. ഇത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലെടുക്കും. അടുത്ത മാസം ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ സൈലന്റ്വാലി പദ്ധതിയടക്കമുള്ള വൈദ്യുതിനിലയങ്ങള്‍ക്ക് അനുമതി ആവശ്യപ്പെടുമെന്ന് ശിവദാസന്‍ പറഞ്ഞു.

അതേസമയം ലോഡ്ഷെഡിംഗ് നടത്തി ജനങ്ങള്‍ക്ക് വൈദ്യുതി നിഷേധിച്ച് ബോര്‍ഡിന് ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആരോപിച്ചു. കായംകുളം നിലയത്തിന്റെ താല്‍ക്കാലിക അടച്ചുപൂട്ടലിന്റെ മറവില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ജൂലായ് 24 ചൊവാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ വെളിയം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+