നേപ്പാളില്‍ വെടിനിര്‍ത്തല്‍
കാഠ്മണ്ഡു: നേപ്പാളില്‍ സര്‍ക്കാരും മാവോയിസ്റ് തീവ്രവാദികളും വെടിനിര്‍ത്തലിന് ധാരണമായി. ഇതോടെ അഞ്ച് വര്‍ഷമായി കമ്യൂണിസ്റ് ഗറില്ലകള്‍ നടത്തിവരുന്ന 'ജനകീയ യുദ്ധ'ത്തിന് താത്കാലിക വിരാമമായി.
നേപ്പാളിലെ പുതിയ പ്രധാനമന്ത്രി ഷെര്‍ ബഹദൂര്‍ ദുബയും മാവോയിസ്റ് നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ഇരുവിഭാഗവും പോരിന്റെ വഴി ഉപേക്ഷിക്കാന്‍ ധാരണയായത്. ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ അഞ്ച് വര്‍ഷമായി തുടര്‍ന്ന് വരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനായത് ദുബയുടെ സുപ്രധാന രാഷ്ട്രീയനേട്ടമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചില മാധ്യസ്ഥര്‍ വഴി തീവ്രവാദി നേതാക്കളുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കായുള്ള നീക്കം നടത്തുകയാണ് ദുബ ചെയ്തത്. പരസ്പര വിശ്വാസത്തിന്റേതായ ഒരു അന്തരീക്ഷം താന്‍ ഇനിയുള്ള നാളുകളില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ദുബ തീവ്രവാദി നേതാക്കള്‍ക്ക് ഉറപ്പുനല്കി.
ജയിലില്‍ കഴിയുന്ന എല്ലാ തീവ്രവാദികളെയും മോചിപ്പിക്കണമെന്നാണ് മാവോയിസ്റുകളുടെ ആവശ്യം. തടവില്‍ കഴിയുന്ന തീവ്രവാദികളുടെ പേരുകളും അവര്‍ക്കെതിരായ കുറ്റമെന്താണെന്നും ജനങ്ങളെ അറിയിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. നേരത്തെ ഇവരെ മോചിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
അഞ്ച് വര്‍ഷം നീണ്ടു നിന്ന 'ജനകീയ യുദ്ധ'ത്തില്‍ കുറഞ്ഞത് 2000 പേരാണ് മരിച്ചത്. ഇവരില്‍ ഭൂരിഭാഗവും പൊലീസുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. നൂറോളം സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒളിയുദ്ധത്തില്‍ തകര്‍ക്കപ്പെട്ടു.












Click it and Unblock the Notifications