പ്രകൃതിക്ഷോഭം: സൗജന്യറേഷന്‍ നല്‍കും
തിരുവനന്തപുരം: പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ സൗജന്യറേഷന്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ജൂലായ് 25 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം. ആദിവാസി മേഖലകളില്‍ രണ്ടാഴ്ചത്തെ സൗജന്യറേഷന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ സൗജന്യ റേഷന്‍ നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അതാത് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതങ്ങള്‍ കണ്ട് വിലയിരുത്തുന്നതിനായി ഒമ്പതംഗ കേന്ദ്രസംഘം ജൂലായ് 28 ശനിയാഴ്ച സംസ്ഥാനത്തെത്തും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം സഹായം നല്‍കുമെന്ന് ആന്റണി അറിയിച്ചു.
സംസ്ഥാനത്ത് കിണറുകള്‍ അപ്രത്യക്ഷമാകുന്ന പ്രതിഭാസത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘത്തെ അയക്കണമെന്ന് മന്ത്രിസഭായോഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ സംസ്ഥാനത്ത് നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായതിനാലാണ് കേന്ദ്രസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ആന്റണി അറിയിച്ചു.
ഇത് സംബന്ധിച്ച് ഭൗമശാസ്ത്രപഠനകേന്ദ്രം പഠനം നടത്തി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. അശാസ്ത്രീയമായ നിര്‍മാണ രീതിയാണ് കിണറുകള്‍ ഇടിയുന്നതിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications