ഫൂലന്‍ദേവിയുടെ ജഡം ഇന്ന് സംസ്കരിക്കും
ദില്ലി: അഞ്ജാതരുടെ വെടിയേറ്റു മരിച്ച സമാജ് വാദി പാര്‍ട്ടി എംപി ഫൂലന്‍ ദേവിയുടെ മൃതദേഹം ജൂലായ് 26 വ്യാഴാഴ്ച സംസ്കരിക്കും. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ വൈകീട്ട് മൂന്നുമണിയോടെയാണ് സംസ്കാരച്ചടങ്ങ് നടക്കുക. മിര്‍സാപൂരിനെത്തന്നെയാണ് ഫൂലന്‍ദേവി ലോക്സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.
ഉച്ചയ്ക്ക് ഒരു മണിക്ക് ബനാറസില്‍ നിന്ന് അവരുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ മിര്‍സാപൂരിലേക്ക് കൊണ്ടുപോകും. സമാജ് വാദി പാര്‍ട്ടി പ്രസിഡണ്ട് മുലായം സിംഹ് യാദവും മറ്റു മുതിര്‍ന്ന നേതാക്കളും മൃതദേഹത്തെ അനുഗമിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഹ് അറിയിച്ചു.
ഫൂലന്‍ദേവിയുടെ അകാലമരണത്തില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അനുശോചിച്ചു. രാഷ്ട്രീയത്തെ അക്രമവല്‍ക്കരിക്കാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുത്തുതോല്പിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അധഃസ്ഥിത വിഭാഗങ്ങള്‍ക്കുവേണ്ടി പോരാടിയ ഫൂലന്‍ദേവിയുടെ മരണത്തോടെ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ പ്രതിനിധിയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ജൂലായ് 25 ബുധനാഴ്ച ഉച്ചയ്ക്ക് ദില്ലിയിലുള്ള ഔദ്യോഗിക വസതിക്കുമുമ്പില്‍വച്ചാണ് ഫൂലന്‍ദേവി വെടിയേറ്റ് മരിച്ചത്. അപ്രതീക്ഷിക ആക്രമണത്തില്‍ അവരുടെ അംഗരക്ഷകനും വെടിയേറ്റു. വെടിവച്ച മൂന്നംഗ അഞ്ജാത സംഘം പിന്നീട് ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. കുറ്റവാളികള്‍ക്കു വേണ്ടി ദില്ലി പൊലീസ് ഊര്‍ജിത തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications