ഫൂലന്റെ ജഡം ജന്മനാട്ടിലേക്ക് കൊണ്ടുപോയി
ദില്ലി: അണികള്‍ മുഴക്കിയ മുദ്രാവാക്യങ്ങളുടെ അലയടി മുഴങ്ങിനിന്ന അന്തരീക്ഷത്തില്‍ കൊല്ലപ്പെട്ട സമാജ്വാദി എംപി ഫൂലന്‍ദേവിയുടെ മൃതദേഹം അവസാനച്ചടങ്ങുകള്‍ക്കായി മിര്‍സാപൂരിലേക്ക് കൊണ്ടുപോയി. അശോകറോഡിലുള്ള ഫൂലന്റെ ഔദ്യോഗിക വസതിയില്‍ നിന്നും ഉച്ചയോടെയാണ് ജഡം എടുത്തത്. പൂക്കള്‍ കൊണ്ടലങ്കരിച്ച ജഡത്തെ ചുവന്ന സാരിയുടുപ്പിച്ചിരുന്നു.
രാവിലെ ഫൂലന്റെ ജഡം കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ എത്തി. പ്രധാനമന്ത്രി വാജ്പേയിയും മറ്റു കേന്ദ്രമന്ത്രിമാരും ഫൂലന്റെ ജഡത്തില്‍ റീത്തുകള്‍ സമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി വി.പി. സിംഹ്, രാജ്യസഭാ ഡെപ്യൂട്ടി അധ്യക്ഷ നജ്മ ഹെപ്ത്തുള്ള, കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രാംവിലാസ് പസ്വാന്‍, വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സുഷമസ്വരാജ് എന്നിവരും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയവരില്‍ ഉള്‍പ്പെടുന്നു.
പ്രത്യേകം തയ്യാറാക്കിയ വിമാനത്തിലാണ് ജഡം മിര്‍സാപൂരിലേക്ക് കൊണ്ടുപോയത്. മിര്‍സാപൂരിലെ ചൗബേ ഘട്ടിലാണ് അവസാനച്ചടങ്ങുകള്‍ നടക്കുക. ഫൂലന്‍ദേവിയുടെ ജഡം കയറ്റിയ വിമാനത്തില്‍ ഫൂലന്റെ അമ്മ മൂലാ ദേവി, ഭര്‍ത്താവ് ഉമെദ് സിംഹ്, ഫൂലന്റെ സഹോദരിമാരായ മുന്നി, രുഗ്മിണി, ഭര്‍ത്താവിന്റെ അനുജന്‍ ഹര്‍ഗോവിന്ദ് എന്നിവരും അനുഗമിച്ചു. മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടിനേതാക്കളായ മുലായംസിംഹ് യാദവ്, അമര്‍സിംഹ്, ബേനി പ്രസാദ് വര്‍മ്മ, ധാനി രാം വര്‍മ്മ എന്നിവര്‍ മറ്റൊരു വിമാനത്തില്‍ അനുഗമിച്ചു.












Click it and Unblock the Notifications