ഫൂലന്‍ദേവിയെ സംസ്കരിച്ചു
മിര്‍സാപൂര്‍: ഫൂലന്‍ദേവിയുടെ ജഡം ഗംഗയുടെ തീരത്ത് സംസ്കരിച്ചു. ജൂലായ് 26 വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്കായിരുന്നു ചടങ്ങ്. ബനാറസിലെ ഗംഗയുടെ തീരത്തുള്ള ചൗബേ ഘട്ടില്‍ താല്ക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലിലായിരുന്നു മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. ഭര്‍ത്താവ് ഉമെയ്ദ് സിംഗ് ആണ് ക്രിയകള്‍ നടത്തിയത്. ഏകദേശം 80,000നും ഒരു ലക്ഷത്തിനും ഇടയില്‍ ആളുകള്‍ തീരത്ത് തടിച്ചുകൂടിയിരുന്നു. സമാജ്വാദി പാര്‍ട്ടി നേതാക്കളായ മുലായംസിംഹ് യാദവും അമര്‍സിംഹും ചടങ്ങുകളില്‍ പങ്കെടുത്തു.
നേരത്തെ ഉച്ചയോടെയാണ് ദില്ലിയിലെ അശോകറോഡിലുള്ള ഫൂലന്റെ ഔദ്യോഗിക വസതിയില്‍ നിന്നും ഫൂലന്‍ദേവിയുടെ മൃതദേഹം അവസാനച്ചടങ്ങുകള്‍ക്കായി മിര്‍സാപൂരിലേക്ക് കൊണ്ടുവന്നത് . പൂക്കള്‍ കൊണ്ടലങ്കരിച്ച ജഡത്തെ ചുവന്ന സാരിയുടുപ്പിച്ചിരുന്നു.
രാവിലെ ഫൂലന്റെ ജഡം കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ എത്തി. പ്രധാനമന്ത്രി വാജ്പേയിയും മറ്റു കേന്ദ്രമന്ത്രിമാരും ഫൂലന്റെ ജഡത്തില്‍ റീത്തുകള്‍ സമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി വി.പി. സിംഹ്, രാജ്യസഭാ ഡെപ്യൂട്ടി അധ്യക്ഷ നജ്മ ഹെപ്ത്തുള്ള, കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രാംവിലാസ് പസ്വാന്‍, വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സുഷമസ്വരാജ് എന്നിവരും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയവരില്‍ ഉള്‍പ്പെടുന്നു.
പ്രത്യേകം തയ്യാറാക്കിയ വിമാനത്തിലാണ് ജഡം മിര്‍സാപൂരിലേക്ക് കൊണ്ടുപോയത്. ഫൂലന്‍ദേവിയുടെ ജഡം കയറ്റിയ വിമാനത്തില്‍ ഫൂലന്റെ അമ്മ മൂലാ ദേവി, ഭര്‍ത്താവ് ഉമെദ് സിംഹ്, ഫൂലന്റെ സഹോദരിമാരായ മുന്നി, രുഗ്മിണി, ഭര്‍ത്താവിന്റെ അനുജന്‍ ഹര്‍ഗോവിന്ദ് എന്നിവരും അനുഗമിച്ചു. മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടിനേതാക്കളായ മുലായംസിംഹ് യാദവ്, അമര്‍സിംഹ്, ബേനി പ്രസാദ് വര്‍മ്മ, ധാനി രാം വര്‍മ്മ എന്നിവര്‍ മറ്റൊരു വിമാനത്തില്‍ അനുഗമിച്ചു.












Click it and Unblock the Notifications