ഉത്തര്‍പ്രദേശില്‍ ഗതാഗതം സ്തംഭിച്ചു
ലക്നോ: ഫൂലന്‍ ദേവി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്വാന ംചെയ്ത ബന്ദ് കാരണം ഉത്തര്‍പ്രദേശില്‍ ബസ്-തീവണ്ടി ഗതാഗതം സ്തംഭിച്ചു. ജൂലായ് 26 ചൊവാഴ്ച രാവിലെമുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡുകളും റെയില്‍വെ ട്രാക്കുകളും തടഞ്ഞിരിക്കുകയാണ്.
അക്രമസംഭവങ്ങളുണ്ടായതായി ഇതുവരെ സംസ്ഥാനത്തു നിന്നും റിപ്പോര്‍ട്ടില്ല. എന്നാല്‍ ദില്ലിയില്‍ ഫൂലന്‍ ദേവിയുടെ ചില അനുയായികള്‍ അക്രമാസക്തരായതായി റിപ്പോര്‍ട്ടുണ്ട്.
ലക്നോവില്‍ കടകളും കമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളില്‍ ഹാജര്‍ നില പതിവുപോലെയുണ്ട്. സ്കൂളുകളും കോളേജുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഏത് അക്രമസംഭവങ്ങളെയും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബന്ദിനോടനുബന്ധിച്ച് നൂറോളം സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് അറസ്റു ചെയ്തിട്ടുണ്ട്. ഫൂലന്‍ ദേവി ലോക്സഭയില്‍ പ്രതിനിധീകരിച്ചിരുന്ന മിര്‍സാപൂരിലാണ് കൂടുതല്‍ അറസ്റു നടന്നത്.












Click it and Unblock the Notifications