ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു: സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭാ നടപടികള്‍ പരിഷ്ക്കരിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്തപ്പോള്‍ താന്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.
മുന്‍ സര്‍ക്കാരിനോട് കൂറുള്ള ചില ഉദ്യോഗസ്ഥരും തനിക്കെതിരായ പ്രചരണങ്ങള്‍ ശക്തിപ്പെടാന്‍ കാരണമായെന്ന് വക്കം പറഞ്ഞു. ജൂലായ് 26 വ്യാഴാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു സ്പീക്കര്‍. സഭ സമ്മേളിക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. അത് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വാര്‍ത്താലേഖകര്‍ക്ക് നിയമസഭാ പാസ് നല്‍കുന്ന കാര്യത്തില്‍ യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.79 ഇരിപ്പിടങ്ങള്‍ മാത്രമുള്ളിടത്തേക്ക് 181 പാസുകള്‍ അനുവദിച്ചു. പാസ് അനുവദിക്കുന്നതില്‍ എന്തെങ്കിലും മാനദണ്ഡം ഉണ്ടായേ തീരു എന്ന് വക്കം പറഞ്ഞു. നിയമസഭയ്ക്കുള്ളില്‍ കടക്കുന്നവരുടെ പാസുകള്‍ പരിശോധിക്കണമെന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് ഉദ്യോഗസ്ഥര്‍ നടപ്പാക്കിയത് തെറ്റായ രീതിയിലായിരുന്നുവെന്ന് വക്കം പറഞ്ഞു.
മന്ത്രി കുട്ടപ്പനുമായി യാതൊരു പ്രശ്നവുമില്ല. മാധ്യമങ്ങള്‍ അതെല്ലാം ഊതിപ്പെരുപ്പിച്ചു. മുതിര്‍ന്ന ഒരു രാഷ്ട്രീയനേതാവിനെ ഇങ്ങനെ തേജോവധം ചെയ്യാന്‍ പാടില്ലെന്ന് വക്കം അഭിപ്രായപ്പെട്ടു. ആരുമായും ശത്രുതയില്ലെന്നും താന്‍ നല്ല ഉദ്ദേശത്തോടെ ചെയ്തതെല്ലാം കാലക്രമേണ എല്ലാവര്‍ക്കും മനസിലാകുമെന്നും ചിലര്‍ ഇപ്പോള്‍ തന്നെ അത് മനസിലാക്കിക്കഴിഞ്ഞുവെന്നും വക്കം വ്യക്തമാക്കി.












Click it and Unblock the Notifications