ആര്‍സിസി: വാര്‍ത്താസമ്മേളനം മാറ്റി
തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി) ഡയറക്ടര്‍ ഡോ. കൃഷ്ണന്‍നായര്‍ വാര്‍ത്താസമ്മേളനം വിളിച്ചൂകൂട്ടിയ ശേഷം പൊടുന്നനെ റദ്ദാക്കിയ നടപടി വിവാദമായി.
അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് ഇന്‍സ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ എത്തിച്ചേരാത്തതുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് പിന്നീട് ആര്‍സിസി അധികൃതര്‍ അറിയിച്ചു. ജൂലായ് 27 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബില്‍ കൃഷ്ണന്‍നായര്‍ വാര്‍ത്താലേഖകരെ അഭിമുഖീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്.
ഇതറിഞ്ഞ് വാര്‍ത്താലേഖകരെല്ലാം എത്തിക്കഴിഞ്ഞ ശേഷമാണ് ആര്‍സിസി പിആര്‍ഒയും രജിസ്ട്രാറും സ്ഥലത്തെത്തി വാര്‍ത്താസമ്മേളനം റദ്ദാക്കിയ വിവരം അറിയിച്ചത്. ഹോപ്കിന്‍സ് ഇന്‍സ്റിറ്റ്യുട്ടിലെ വിദഗ്ധര്‍ ഹാങ്ങും ഒസ്റന്‍ഡറും എത്തിച്ചേരാത്തതിനാലാണ് വാര്‍ത്താസമ്മേളനം റദ്ദാക്കേണ്ടി വന്നതെന്ന് ആര്‍സിസി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ആര്‍സിസിയില്‍ ഹോപ്കിന്‍സ് ഇന്‍സ്റിറ്റ്യുട്ടുമായി സഹകരിച്ച് നടത്തിയിരുന്ന പരീക്ഷണങ്ങളില്‍ നിരോധിക്കപ്പെട്ട മരുന്ന് രോഗികള്‍ക്ക് നല്‍കിയിരുന്നതായി ആരോപണമുണ്ട്.
ഇക്കാര്യം നിഷേധിക്കുന്നതല്ലാതെ വ്യക്തമായ വിശദീകരണം നല്‍കാന്‍ ആര്‍സിസി ഡയറക്ടര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അമേരിക്കയില്‍ നിരോധിക്കപ്പെട്ട മരുന്നല്ല ഇവിടെ നല്‍കിയതെന്ന് ബോധ്യപ്പെടുത്താനാണ് കൃഷ്ണന്‍നായര്‍ ഹോപ്കിന്‍സിലെ വിദഗ്ധരുടെ സഹായം തേടിയത്.
ഹോപ്കിന്‍സുമായി സഹകരിച്ചുള്ള പരീക്ഷണം ഇപ്പോള്‍ ആര്‍സിസിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിന് മേല്‍നോട്ടം നടത്തുന്ന ഡോക്ടര്‍മാര്‍ അമേരിക്കയില്‍ ഡെപ്യുട്ടേഷനില്‍ പോയിരിക്കുന്നതിനാലാണ് പരീക്ഷണം നിര്‍ത്തിവച്ചിരിക്കുന്നതെന്നും അല്ലാതെ മരുന്ന് നിരോധിക്കപ്പെട്ടതുകൊണ്ടല്ല എന്നാണ് ആര്‍സിസി ഇതിന് നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications