കൂത്തുപറമ്പിലും ചുവപ്പുമഴ
കൂത്തുപറമ്പ്: കൂത്തുപറമ്പിലെ തൊക്കിലങ്ങാടിയിലും പരിസരങ്ങളിലും ജൂണ്‍ 26 വ്യാഴാഴ്ച ചുവപ്പു മഴ പെയ്തു. കൗതുകമമുണര്‍ന്ന നാട്ടുകാര്‍ വെള്ളം ഗ്ലാസില്‍ ശേഖരിച്ചുവച്ചിരിക്കുകയാണ്.
ഇളംചുവപ്പുനിറമാണ് വെള്ളത്തിന്. വെള്ളം സൂക്ഷിച്ച ഗ്ലാസിന്റെ അടിയിലും വശങ്ങളിലും ചുവപ്പുനിറം പരന്നുകിടക്കുകയാണ്. നേരത്തെ ചങ്ങനാശ്ശേരിക്കടുത്ത മോര്‍ക്കുളങ്ങരയിലും ചുവപ്പുമഴ പെയ്തിരുന്നു. ഇതിനെക്കുറിച്ചുള്ള വാര്‍ത്തയെത്തുടര്‍ന്നാണ് നാട്ടുകാര്‍ വെള്ളം സംഭരിച്ചുവച്ചത്.
ചുവപ്പുമഴയുടെ കാരണം എന്താണെന്ന് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണെന്ന് മാത്രമാണ് ഭൗമശാസ്ത്രജ്ഞര്‍ക്ക് പറയാന്‍ കഴിയുന്നത്. ഇന്ത്യയില്‍ ഇതിനു മുമ്പ് ഇത്തരമൊരു പ്രതിഭാസം ഉണ്ടായിട്ടില്ലത്രെ.
ഭൗമപഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. വി. ശശികുമാറും ഡോ. എസ്. സമ്പത്തും ചങ്ങനാശ്ശേരിയില്‍ പെയ്ത മഴയുടെ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. ചുവപ്പുമഴയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. കേരളത്തില്‍ അടുത്തിടെയുണ്ടായ ഭൂചലനം, കിണറിടിയല്‍, ഭൂമി താഴല്‍ എന്നിവയുമായി ഇതിന് ബന്ധമൊന്നുമില്ലെന്ന് അവര്‍ വ്യക്തമാക്കി.
ഈ മഴവെള്ളം കാരണം ജീവാപായമുണ്ടായതായി റിപ്പോര്‍ട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. എങ്കിലും മഴവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ എന്താണെന്ന് വ്യക്തമാകുന്നതു വരെ വെള്ളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും അവര്‍ സൂചിപ്പിച്ചു.
20ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ചുവപ്പുമഴ പെയ്തതായി ചാള്‍സ് ഡാര്‍വിനും മറ്റും എഴുതിയിട്ടുണ്ട്. ഇന്ത്യയില്‍ മുമ്പ് ഇത്തരം മഴയുണ്ടായിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നുണ്ടെങ്കിലും കൂത്തുപറമ്പിലെ മാലൂര്‍ പഞ്ചായത്തിലും മട്ടന്നൂരിനടുത്തെ മരുതായില്‍ 19ാം മൈലിലും കോളയാട് പഞ്ചായത്തിലെ ആലഞ്ചേരിയിലും 1996ല്‍ ചുവപ്പുമഴയുണ്ടായിട്ടുണ്ട്. മഴ കൊണ്ടവര്‍ക്ക് ചൊറിച്ചിലും പുകച്ചിലുമുണ്ടായിരുന്നു.












Click it and Unblock the Notifications