കാലവര്‍ഷക്കെടുതി കേന്ദ്രസംഘം വിലയിരുത്തി
ഇടുക്കി: കേന്ദ്രകൃഷിമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി പി.ഡി. സുധാകറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കേരളത്തിലെ കാലവര്‍ഷക്കെടുതി വിലയിരുത്തി. ജൂലായ് 29 ഞായറാഴ്ച ഇടുക്കി ജില്ലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ ഉടുമ്പന്നൂരിലാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്.
സുധാകറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് കെടുതികള്‍ വിലയിരുത്തിയത്.ഇടുക്കി ജില്ലയില്‍ നിന്നും സംഘം തുടര്‍ന്ന് പത്തനംതിട്ടയിലെ ദുരിതബാധിതപ്രദേശങ്ങളും സന്ദര്‍ശിച്ചു. തങ്ങള്‍ സ്ഥിതിഗതികള്‍ വേണ്ടതരത്തില്‍ വിലയിരുത്തിയെന്നും ദില്ലിയിലെത്തിയാലുടന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംഘത്തലവന്‍ പി.ഡി. സുധാകര്‍ പറഞ്ഞു.
അതിനിടെ കേന്ദ്ര ഉപരിതല മന്ത്രാലയത്തിലെ എസ്.എസ്. റെഡ്ഡി, എംകെ. പവാഡിയ എന്നിവരുടെ നേതൃത്വത്തിലുള്ള മറ്റൊരു കേന്ദ്രസംഘം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാലവര്‍ഷക്കെടുതി വിലയിരുത്തി. ഇരു ജില്ലകളിലെയും കടലാക്രമണ പ്രദേശങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. കോഴിക്കോട് ജില്ലയില്‍ 15 കോടിയുടെയും മലപ്പുറത്ത് 16 കോടിയുടെയും നാശനഷ്ടങ്ങളുണ്ടായതായി ബന്ധപ്പെട്ടവര്‍ സംഘാംഗങ്ങളെ അറിയിച്ചു. എന്നാല്‍ ഇവിടങ്ങളിലെ കിണറിടിച്ചില്‍ സംഘം പരിശോധിച്ചില്ല. സഹകരണ സംഘം രജിസ്ട്രാര്‍ കെ. ഇളങ്കോവനും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
മുഖ്യമന്ത്രി എ.കെ. ആന്റണി, റവന്യൂമന്ത്രി കെ.എം. മാണി, കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം ഇരു സംഘങ്ങളും അടുത്ത മാസമാദ്യം കേന്ദ്രത്തിന് റിപ്പോര്‍ട്ടു നല്‍കും.












Click it and Unblock the Notifications