മാണിഗ്രൂപ്പിലെ ജില്ലാനേതാക്കള്‍ തോമസിനൊപ്പം
കോഴിക്കോട്: കേരളാകോണ്‍ഗ്രസ് മാണിഗ്രൂപ്പിലെ കോഴിക്കോട് ജില്ലാസെക്രട്ടറിയടക്കം ഏതാനും പേര്‍ വിമതനേതാവ് പി.സി. തോമസിന്റെ ഐഎഫ്ഡിപിയില്‍ ചേര്‍ന്നു. ജൂലായ് 30 തിങ്കളാഴ്ച കേരളാ കോണ്‍ഗ്രസ് (എം) ജില്ലാസെക്രട്ടറി ജോസ് കടുകന്‍മാക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം കെ.എ. ദേവസ്യയും ഐഎഫ്ഡിപിയില്‍ ചേര്‍ന്ന പ്രധാനികളില്‍ ഉള്‍പെടുന്നു. ഇവര്‍ രാജിക്കത്തുകള്‍ അയച്ചുകഴിഞ്ഞെന്നും അറിയിച്ചു. കേരളാകോണ്‍ഗ്രസ് (എം) ട്രേഡ് യൂണിയന്‍ ജില്ലാ നേതാവ് പി.ജെ. മാത്യു, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബോസ് വട്ടമറ്റത്തില്‍ എന്നിവര്‍ ഉള്‍പെടെ കോഴിക്കോട് ജില്ലയിലെ പത്ത് മണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരും ഐഎഫ്ഡിപിയില്‍ ചേര്‍ന്നതായി പറയുന്നു. കോഴിക്കോട് ജില്ലയില്‍ മാണിഗ്രൂപ്പ് വിട്ട് പുറത്തുവന്നവരുടെ യോഗം ആഗസ്ത് എട്ടിന് നടക്കും. കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച കേരളാകോണ്‍ഗ്രസ് സ്ഥാപകനേതാവ് പി.ടി. ചാക്കോയുടെ മകനായ തോമസിനെ പുറത്താക്കുക വഴി ആ പാര്‍ട്ടിക്കുതന്നെ കളങ്കമേറ്റിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. പി.സി. തോമസ് എംപി വിവിധ ജില്ലകളില്‍ പുതിയ പാര്‍ട്ടിയുടെ ഘടകങ്ങള്‍ രൂപീകരിക്കുന്ന തിരക്കിലാണ്.












Click it and Unblock the Notifications